ടെന്നസിയില്‍ സ്ഫോടകവസ്തു പ്ലാന്റ് സ്ഫോടനത്തില്‍ തകര്‍ന്നു, 19 പേരെ കാണാനില്ല

By: 600002 On: Oct 11, 2025, 10:09 AM

 

പി പി ചെറിയാന്‍ 

മെക്ക്വെന്‍(ടെന്നസി): ടെന്നസിയിലെ മെക്ക്വെന്‍ നഗരത്തില്‍ വെള്ളിയാഴ്ച സ്ഫോടകവസ്തു നിര്‍മ്മാണ പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 19 പേരെ കാണാതായി. ഇവര്‍ മരിച്ചതായി കരുതുന്നു. മിലിട്ടറിക്കായി സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്ന അക്യുറേറ്റ് എനര്‍ജെറ്റിക് സിസ്റ്റംസ് (Accurate Energetic Systems) എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്.

പ്ലാന്റ് പൂര്‍ണ്ണമായി തകര്‍ന്നെന്നും സംഭവസ്ഥലം താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ ഒന്നാണെന്നും ഹംഫ്രിസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് പറഞ്ഞു. എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമാക്കാതെ, കാണാതായ 19 പേരെ അദ്ദേഹം 'ആത്മാക്കള്‍' എന്നാണ് വിശേഷിപ്പിച്ചത്.

രാവിലെ 7:45-ഓടെയാണ് സ്ഫോടനമുണ്ടായത്. നാഷ്വില്ലെയില്‍ നിന്ന് ഏകദേശം 97 കിലോമീറ്റര്‍ അകലെയുള്ള ഈ എട്ട് കെട്ടിടങ്ങളുള്ള കോമ്പൗണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.

സ്ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും കിലോമീറ്ററുകള്‍ അകലെ വരെ ആളുകള്‍ക്ക് അനുഭവപ്പെട്ടു. വീടുകള്‍ തകര്‍ന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സമീപവാസികള്‍ പറയുന്നു.

അന്വേഷണം പുരോഗമിക്കുന്നു: തുടക്കത്തില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്ലാന്റിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മിലിട്ടറിക്കായി സി4 ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. തൊഴിലാളികളുടെ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 2019-ല്‍ സ്ഥാപനത്തിനെതിരെ യുഎസ് തൊഴില്‍ വകുപ്പ് പിഴ ചുമത്തിയിരുന്നു.