ട്രഷറി ഷട്ട്ഡൗണ്‍: ട്രംപ് ഭരണകൂടം ട്രഷറി, ഡിഎച്ച്എസ്, എച്ച്എച്ച്എസ്, വിദ്യാഭ്യാസ വകുപ്പുകളില്‍ 'റിഡക്ഷന്‍-ഇന്‍-ഫോഴ്‌സ്' നോട്ടീസുകള്‍ നല്‍കി തുടങ്ങി

By: 600002 On: Oct 11, 2025, 10:04 AM



 

പി പി ചെറിയാന്‍

 വാഷിംഗ്ടണ്‍ ഡി സി: ട്രംപ് ഭരണകൂടം ട്രഷറി വകുപ്പ്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS), ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) എന്നിവയില്‍ 'റിഡക്ഷന്‍-ഇന്‍-ഫോഴ്‌സ്' (ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള) നോട്ടീസുകള്‍ നല്‍കി തുടങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെയും ഇത് ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത് എത്ര പേരെ ബാധിക്കുമെന്നോ, ഇതിന്റെ വ്യാപ്തിയെന്താണെന്നോ വ്യക്തമല്ല. നിലവില്‍ ആരെങ്കിലും പിരിച്ചുവിടപ്പെട്ടോ എന്നതിലും വ്യക്തതയില്ല. ഷട്ട്ഡൗണ്‍ കാരണം അവധിയിലായ ജീവനക്കാരെയാണോ, അതോ പുതിയ പിരിച്ചുവിടലുകളാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല.

സൈബര്‍ സുരക്ഷാ ഏജന്‍സിയായ CISAയില്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് DHS വക്താവ് അറിയിച്ചു. CISAയെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും മുന്‍പ് ഇത് സെന്‍സര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

HHS-ലെ പല ഡിവിഷനുകളിലുമുള്ള ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച എല്ലാവരെയും അവരുടെ ഡിവിഷനുകള്‍ 'അത്യാവശ്യമല്ലാത്തവര്‍' (non-essential) ആയി കണക്കാക്കിയവരാണെന്നും ട്രംപിന്റെ 'മേയ്ക്ക് അമേരിക്ക ഹെല്‍ത്തി എഗൈന്‍' അജണ്ടയ്ക്ക് വിരുദ്ധമായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമാണിതെന്നും ഒഒട വക്താവ് വ്യക്തമാക്കി.

ട്രഷറി, വിദ്യാഭ്യാസ വകുപ്പുകളിലും നോട്ടീസുകള്‍ നല്‍കിയതായി അവിടങ്ങളിലെ വക്താക്കളും സ്ഥിരീകരിച്ചു.