ലിബറൽ സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന മൂന്ന് മുതൽ അഞ്ച് വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കാബിനറ്റ് മന്ത്രിമാർക്കും സ്റ്റേറ്റ് സെക്രട്ടറിമാർക്കും പ്രധാനമന്ത്രി മാർക് കാർണിയുടെ നിർദ്ദേശം. ജൂലൈ എട്ടാം തീയതി അയച്ച കത്തിലാണ് അദ്ദേഹം ഓരോരുത്തരോടും ഇക്കാര്യം ആവശ്യപ്പെട്ടത്.
മെയ് മാസത്തിൽ, മന്ത്രിസഭ ശ്രദ്ധ പതിപ്പിക്കേണ്ട പ്രധാന ഏഴ് ലക്ഷ്യങ്ങൾ കാർണി മുന്നോട്ട് വച്ചിരുന്നു. അമേരിക്കയുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കൂടുതൽ ഏകീകൃതവും കാര്യക്ഷമവുമായ കനേഡിയൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, ഭവന നിർമ്മാണം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു കാർണി മുന്നോട്ട് വച്ചത്. ഇതിൻ്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശം. ലഭ്യമായ ബജറ്റുകളും അധികാരങ്ങളും ഉപയോഗിച്ച്, തങ്ങളുടെ കർമ്മ പദ്ധതികൾ സമർപ്പിക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. അതിനായി മൂന്നാഴ്ചയിൽ താഴെ സമയമാണ് നൽകിയിട്ടുള്ളത്. കനേഡിയൻ പൗരന്മാരുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റമുണ്ടാക്കുന്ന, പുതിയ ആശയങ്ങൾ കൊണ്ടുവരാനാണ് കാർണി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കാബിനറ്റ് കമ്മിറ്റികൾ പദ്ധതികൾ ട്രാക്ക് ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.