പൊതു ഗതാഗത സംവിധാനം നിലച്ചതിനെ തുടർന്ന് വിൻഡ്സറിനെയും ഡെട്രോയിറ്റിനെയും ബന്ധിപ്പിച്ച് പുതിയ സ്വകാര്യ ടണൽ ബസ് സർവ്വീസ്

By: 600110 On: Oct 11, 2025, 5:33 AM

 

പൊതുഗതാഗത റൂട്ട് നിർത്തിയതിനെ തുടർന്ന് വിൻഡ്‌സറിനെയും ഡെട്രോയിറ്റിനെയും ബന്ധിപ്പിച്ച് പുതിയ സ്വകാര്യ ടണൽ ബസ് സർവീസ്. വിൻഡ്‌സറിലെ പൊതുഗതാഗത സർവ്വീസായ ട്രാൻസിറ്റ് വിൻഡ്സർ പ്രവർത്തനം  അവസാനിപ്പിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ഒരു പുതിയ സ്വകാര്യ ടണൽ ബസ് സർവീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിൻഡ്‌സർ ആസ്ഥാനമായുള്ള 'ദി ലിങ്ക്'  എന്ന കമ്പനിയാണ് ഈ പുതിയ സർവീസ് ആരംഭിച്ചത്.

ഒരു വശത്തേക്കുള്ള യാത്രാക്കൂലി $15 ആണ്. കാനഡ-യു.എസ്. അതിർത്തി കടന്ന് ആഴ്ചയിൽ ഏഴു ദിവസവും ബസുകൾ സർവീസ് നടത്തും. മുമ്പ് ഈ റൂട്ടിനെ ആശ്രയിച്ചിരുന്ന തൊഴിലാളികളും കായിക പ്രേമികളും ഉൾപ്പെടെയുള്ളവരെ സഹായിക്കാനാണ് സർവ്വീസ് തുടങ്ങിയിരിക്കുന്നതെന്ന് കമ്പനി സിഇഒ ധർ ഭെല്ല പറഞ്ഞു. 95 വർഷത്തെ സേവനത്തിന് ശേഷമാണ് ഉയർന്ന ചെലവ് കാരണം ട്രാൻസിറ്റ് വിൻഡ്‌സർ സർവീസ് അവസാനിപ്പിച്ചത്. മേയർ ഡ്രൂ ഡിൽക്കെൻസ് തൻ്റെ വീറ്റോ അധികാരം ഉപയോഗിച്ചാണ് ഇത് റദ്ദാക്കിയത്.  

'ദി ലിങ്ക്'-ന്റെ ബസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മണി മുതൽ അർദ്ധരാത്രി വരെയും, ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും പ്രവർത്തിക്കും. വിൻഡ്‌സറിലെ ബ്രൂസ് അവന്യൂ, റിവർസൈഡ് ഡ്രൈവ് വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആയിരിക്കും യാത്രക്കാർക്ക് സീറ്റുകൾ നൽകുക. ഭാവിയിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ പദ്ധതിയുണ്ട്. നിലവിൽ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. ഒരു ബസിൽ 37 പേർക്ക് ഇരിക്കാനും 23 പേർക്ക് നിന്ന് യാത്ര ചെയ്യാനും സൗകര്യമുണ്ട്. കൂടുതൽ ബസുകൾ ഉടൻ വരുമെന്ന് കമ്പനി അറിയിച്ചു.