ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും കുക്കികൾ വിൽക്കുന്നതിൻ്റെ പേരിൽ വ്യാപക തട്ടിപ്പ്. പ്രശസ്തമായ ഗേൾ ഗൈഡ് വില്പനയുടെ പേരിലാണ് തട്ടിപ്പുകൾ നടക്കുന്നത്. ഇതിനായി ഓൺലൈനിൽ പണം നല്കിയവരിൽ പലർക്കും കുക്കി ലഭിച്ചില്ല. ഇതേ തുടർന്ന് കുക്കികൾക്കായി ആരും മുൻകൂട്ടി പണം നല്കേണഅട ആവശ്യമില്ലെന്ന് ബി.സി. ഗേൾ ഗൈഡ്സ് മുന്നറിയിപ്പ് നൽകി.
ബി.സി.യിലെ ബെറ്റർ ബിസിനസ് ബ്യൂറോ റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, കൂടുതൽ വില ഈടാക്കുകയും കുക്കികൾ ഒരിക്കലും എത്തിച്ചു നൽകാതിരിക്കുകയും ചെയ്യുന്ന വ്യാജ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെസ്റ്റ് കിലോണയിലും ലോവർ മെയിൻലാൻഡിലുമുള്ള തട്ടിപ്പുകാർ ഒരു ബോക്സിന് 10 ഡോളർ വരെ ഈടാക്കുകയും സംഭാവനകൾ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരിൽ നിന്ന് കുക്കികൾ വാങ്ങുകയോ അവർക്ക് പണം നൽകുകയോ ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
യഥാർത്ഥ ഗേൾ ഗൈഡ്സ് അംഗങ്ങൾ വീടുകൾ തോറും കയറിയോ പ്രത്യേക കേന്ദ്രങ്ങളിൽ വെച്ചോ ആണ് കുക്കികൾ വിൽക്കുന്നത്. പ്രായ കുറഞ്ഞ അംഗങ്ങൾക്കൊപ്പം എപ്പോഴും മുതിർന്നവർ ഉണ്ടായിരിക്കും. മുതിർന്നവർ തനിയെ വീടുകൾ തോറും കയറി കുക്കികൾ വില്ക്കുകയില്ല. ഗേൾ ഗൈഡ്സ് ഒരിക്കലും സംഭാവനകളും ആവശ്യപ്പെടില്ല. ഒരു ബോക്സ് കുക്കിക്ക് ആറ് ഡോളറാണ് വില. ഈ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംഘടനയുടെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് ദശലക്ഷം (അൻപത് ലക്ഷം) ബോക്സുകളാണ് വിറ്റഴിച്ചത്.