കാനഡയുടെ ചരിത്രത്തിൽ ആദ്യമായി നിലച്ച ഹൃദയം മറ്റൊരാളിലേക്ക് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

By: 600110 On: Oct 10, 2025, 12:45 PM

 

കാനഡയുടെ ചരിത്രത്തിൽ  ആദ്യമായി, ഹൃദയം നിലച്ച ദാതാവിൽ നിന്ന് ഹൃദയം മാറ്റിവെച്ചു. ടൊറൻ്റോ ആശുപത്രിയിലാണ് ഈ ചരിത്ര നേട്ടം. ടൊറൻ്റോയിലെ യൂണിവേഴ്‌സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ (UHN) സർജന്മാർ, ഹൃദയം നിലച്ച ദാതാവിൽ നിന്ന് (donation after circulatory death - DCD) വിജയകരമായി ഹൃദയം മാറ്റിവെച്ചു.

ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്ന, മസ്തിഷ്‌ക മരണം സംഭവിച്ച ദാതാക്കളിൽ നിന്നുള്ള അവയവങ്ങൾ ഉപയോഗിക്കുന്ന പരമ്പരാഗത ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിന്ന് വ്യത്യസ്തമാണ് ഈ പുതിയ രീതി. ലൈഫ് സപ്പോർട്ട് പിൻവലിച്ച ശേഷം ഹൃദയം നിലച്ച ദാതാക്കളിൽ നിന്നാണ് ഈ രീതിയിൽ ഹൃദയം എടുക്കുന്നത്. സെപ്റ്റംബർ ആദ്യവാരമാണ് ശസ്ത്രക്രിയ നടന്നത്.  UHN-ലെ ടൊറൻ്റോ ജനറൽ ഹോസ്പിറ്റലിലെ ഒരു സംഘമാണ് ലൈഫ് സപ്പോർട്ട് പിൻവലിച്ചതിനെ തുടർന്ന് നിലച്ചുപോയ ഒരു ഹൃദയം വിജയകരമായി മാറ്റിവെച്ചത്. UHN-ലെ പീറ്റർ മങ്ക് കാർഡിയാക് സെൻ്ററിലെ കാർഡിയാക് സർജൻ ഡോ. അലി റാബിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. മുൻപ് ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്ന, മസ്തിഷ്‌ക മരണം സംഭവിച്ച ദാതാക്കളുടെ ഹൃദയങ്ങൾ മാത്രമാണ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ലൈഫ് സപ്പോർട്ട് പിൻവലിച്ച ശേഷം നിലച്ചുപോയ ഹൃദയങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  കൂടുതൽ ദാതാക്കളിൽ ശസ്ത്രക്രിയ നടത്താനും ഉപയോഗപ്രദമായ ഹൃദയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ഈ പുതിയ രീതി ഡോക്ടർമാരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു