ടെക്‌സസ് നാഷണല്‍ ഗാര്‍ഡിനെ ഇല്ലിനോയിസിലേക്ക് അയച്ചത് തെറ്റായ നടപടി: ഒക്ലഹോമ ഗവര്‍ണര്‍ 

By: 600002 On: Oct 10, 2025, 11:41 AM



 

പി പി ചെറിയാന്‍

ഒക്ലഹോമ: ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇല്ലിനോയിസിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈനികരെ അയച്ചതിനെതിരെ ഒക്ലഹോമ ഗവര്‍ണറും റിപ്പബ്ലിക്കനും ആയ കെവിന്‍ സ്റ്റിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ഫെഡറലിസത്തിന്റെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെയും ഭാഗമായി സ്റ്റിറ്റ് ഈ നീക്കത്തിനെതിരെ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ബൈഡന്‍ ഭരണകാലത്ത് ഇല്ലിനോയിസ് ഗവര്‍ണര്‍ ഒക്ലഹോമയിലേക്ക് സൈനികരെ അയച്ചിരുന്നെങ്കില്‍ ഒക്ലഹോമവാസികള്‍ അതിനെതിരെ കഠിനമായി പ്രതികരിക്കുമായിരുന്നു,' സ്റ്റിറ്റ് വ്യക്തമാക്കി.

ഇല്ലിനോയിസില്‍ പ്രാദേശിക ജനങ്ങളും ഡെമോക്രാറ്റ് നേതാക്കളും ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഏകപക്ഷീയമായി നാഷണല്‍ ഗാര്‍ഡ് സൈനികരെ അയച്ചത് നിയമവിരുദ്ധമാണെന്ന് വിമര്‍ശനമുണ്ട്.

'ഒരു ഗവര്‍ണര്‍ മറ്റൊരാളുടെ സംസ്ഥാനത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് ശരിയായ സമീപനമല്ല,' എന്നതാണ് സ്റ്റിറ്റിന്റെ നിലപാട്. അതേസമയം, അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ 'നിയമം എന്നും ക്രമം എന്നും നിലനിര്‍ത്തുന്ന' ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ഗവര്‍ണേഴ്സ് അസോസിയേഷന്റെ ചെയര്‍മാനായതിനാല്‍, ഇത്തരത്തില്‍ തുറന്നെതിര്‍പ്പ് അറിയിക്കുന്ന ആദ്യ റിപ്പബ്ലിക്കന്‍ നേതാവാണ് കെവിന്‍ സ്റ്റിറ്റ്.