പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍-അമേരിക്കസ് ഹോട്ടലില്‍ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിക്കാന്‍ സാധ്യത. 40% ശമ്പള വര്‍ദ്ധനവാണ് സമരത്തിലുള്ള തൊഴിലാളികള്‍ പ്രധാനമായി ആവശ്യപ്പെടുന്നത്. ഹോട്ടല്‍ റെക്കോര്‍ഡ് ലാഭം നേടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.
യൂണിയന്‍ അംഗങ്ങളായ ഏകദേശം 400 തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുത്തത്. നിലവിലെ മണിക്കൂറിന് 16.50 ഡോളര്‍ എന്നതില്‍ നിന്ന് 23 ഡോളര്‍ ആയി ശമ്പളം ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. ജീവിതച്ചെലവ് കൂടിയതും വാടക വര്‍ദ്ധനവുമാണ് തങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
ഹില്‍ട്ടണ്‍ അധികൃതര്‍ ആദ്യ ഘട്ടത്തില്‍ മണിക്കൂറിന് 1 ഡോളര്‍ വര്‍ദ്ധിപ്പിച്ച് 17.50 ഡോളര്‍ ആക്കാം എന്ന് മറുപടി നല്‍കിയിരുന്നു. ഹോട്ടലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതും അസാധാരണവുമായ ഈ സമരമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ സാമ്പത്തിക പ്രകടനവും തൊഴിലാളി പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമാക്കിയത്.