കുട്ടികളുടെ മാനസികാരോഗ്യത്തിലും വികാസത്തിലും സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന ദോഷകരമായ സ്വാധീനം കണക്കിലെടുത്ത് 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ച് ഡെന്‍മാര്‍ക്ക്. ഡാനിഷ് പാര്‍ലമെന്റില്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ ആണ് വിഷയം അവതരിപ്പിച്ചത്. മൊബൈല്‍ഫോണുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കുട്ടികളുടെ ബാല്യം കവര്‍ന്നെടുക്കുകയാണെന്നും 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഡെന്‍മാര്‍ക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികളിലെ ഉത്കണ്ഠ, വിഷാദം, ശ്രദ്ധക്കുറവ്, വായനാ വൈകല്യം എന്നിവ വര്‍ധിക്കുന്നതിനും ഒരു കുട്ടി കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സ്‌ക്രീനുകളില്‍ കാണുന്നതിനും സോഷ്യല്‍മീഡിയ കാരണമാകുന്നുവെന്ന് മെറ്റെ ഫ്രെഡറിക്‌സണ്‍ അഭിപ്രായപ്പെട്ടു.