ജീവനക്കാരുടെ കുറവിനെ തുടർന്ന് ക്യൂബക്കിൽ ഹൃദയ ശസ്ത്രക്രിയകൾ വൈകുകയും രോഗികളുടെ മരണം സംഭവിക്കുകയും ചെയ്യുന്നതായി കാർഡിയോളജിസ്റ്റുകളുടെയും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെയും മുന്നറിയിപ്പ്. ശസ്ത്രക്രിയ സമയത്ത് ഹാർട്ട് - ലംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്ന വിദഗ്ധരായ പെർഫ്യൂഷനിസ്റ്റുകളുടെ കുറവാണ് പ്രധാന പ്രശ്നമെന്ന് അവർ പറയുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ശസ്ത്രക്രിയ കാത്തിരുന്നവരിൽ ഏകദേശം 80 പേർ മരിച്ചതായി ക്യൂബെക്ക് അസോസിയേഷൻ ഓഫ് കാർഡിയോളജിസ്റ്റ് പ്രസിഡൻ്റ് ഡേ. ബെർണാഡ് കാൻ്റീൻ പറഞ്ഞു. ക്യൂബെക്കിലെ 92 പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ 70 എണ്ണം മാത്രമാണ് നിലവിൽ നികത്തിയിട്ടുള്ളത്. ഇത് ശസ്ത്രക്രിയകൾ വൈകിപ്പിക്കാനും റദ്ദാക്കാനും ആശുപത്രികളെ നിർബന്ധിതരാക്കുകയാണ്. സർക്കാരിന് ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന്, ഡോക്ടർമാർ ക്യൂബെക്കിലെ ഓംബുഡ്സ്മാന് പരാതി നൽകാൻ ഒരുങ്ങുകയാണ്.
ക്യൂബെക്കിൽ 1300-ലധികം രോഗികളാണ് നിലവിൽ ഹൃദയ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്, ഇവരിൽ ഭൂരിഭാഗവും വൈദ്യശാസ്ത്രപരമായി ശുപാർശ ചെയ്തതിനേക്കാൾ കൂടുതൽ കാലമായി കാത്തിരിക്കുന്നവരാണ്. കുറഞ്ഞ വേതനം, കൂടുതൽ ജോലി സമയം, പരിമിതമായ പരിശീലന സൌകര്യങ്ങൾ എന്നിവയാണ് കാനഡയിൽ പെർഫ്യൂഷനിസ്റ്റുകളുടെ കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. മെച്ചപ്പെട്ട ജോലി തേടി മറ്റ് പ്രവിശ്യകളിലേയ്ക്കോ അമേരിക്കയിലേയ്ക്കോ പോകുന്നതും ക്യൂബെക്കിലെ ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. പെർഫ്യൂഷനിസ്റ്റുകൾക്കുള്ള പരിശീലനം മോൺട്രിയൽ, ടൊറൻ്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ 2027-ഓടെ പരിശീലന കേന്ദ്രങ്ങൾ പ്രവേശനം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.