കാനഡയിലെ താൽക്കാലിക താമസക്കാരുടെ കുട്ടികൾക്ക് ജന്മാവകാശ പൌരത്വം നൽകുന്നത് അവസാനിപ്പിക്കാനുള്ള നീക്കവുമായി കനേഡിയൻ കൺസർവേറ്റീവ് പാർട്ടി. പൗരത്വ നിയമത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ബിൽ സി 3യിൽ ഭേദഗതിക്കായി കൺസർവേറ്റീവ് എം.പി. മിഷേൽ റെംപെൽ ഗാർണർ നിർദ്ദേശം മുന്നോട്ട് വെച്ചു.
കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും കനേഡിയൻ പൗരനോ സ്ഥിര താമസക്കാരനോ മാത്രമേ കുട്ടികൾക്ക് ഓട്ടോമാറ്റിക് പൗരത്വം ലഭിക്കാവൂ എന്നാണ് മിഷേൽ മുന്നോട്ടു വച്ച നിർദ്ദേശം. ഇപ്പോഴത്തെ നിയമമനുസരിച്ച്, മാതാപിതാക്കളുടെ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ കാനഡയിൽ ജനിക്കുന്ന ആർക്കും പൗരത്വം ലഭിക്കും. ഇത് ലക്ഷ്യമിട്ട് പൗരത്വം നേടുന്നതിനായി പ്രസവം കാനഡയിലാക്കുന്ന ബർത്ത് ടൂറിസം വർദ്ധിക്കുന്നുണ്ടെന്നും റെംപെൽ ഗാർണർ അഭിപ്രായപ്പെട്ടു. 2022-23 വർഷത്തിൽ ഇത്തരം 3575 പ്രസവങ്ങൾ നടന്നു എന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.
എങ്കിലും, ഇമിഗ്രേഷൻ കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ ലിബറൽ, ബ്ലോക്ക് ക്യുബെക്കോയിസ് എം.പിമാർ അവരുടെ ഭേദഗതി തള്ളി. കാനഡയുടെ നിലവിലെ ജന്മാവകാശ പൌരത്വ നിയമം സർക്കാർ നിലനിർത്തുമെന്ന് നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ വ്യക്തമാക്കി. ഈ നയം എടുത്തുമാറ്റുന്നത് രാജ്യത്ത് രണ്ടാം താരം പൌരന്മാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.