മതചിഹ്നങ്ങൾ ധരിച്ചതിൻ്റെ പേരിൽ സിഖ് വിദ്യാർഥിക്ക് കോൺവക്കേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായി പരാതി

By: 600110 On: Oct 10, 2025, 6:16 AM

മതചിഹ്നങ്ങൾ ധരിച്ചതിൻ്റെ പേരിൽ സിഖ് വിദ്യാർഥിക്ക് കോൺവക്കേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായി പരാതി. സിഖ് വിദ്യാർത്ഥിയായ ഹർവിന്ദർ സിംഗിന്, താൻ ധരിച്ചിരുന്ന കൃപാൺ  (മതപരമായ ചടങ്ങിന്റെ ഭാഗമായ വാൾ) കാരണം ഡർഹാം കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.

ജൂൺ 18-ന് കാമ്പസിന് പുറത്ത് ഓഷാവായിലെ ട്രിബ്യൂട്ട് കമ്മ്യൂണിറ്റീസ് സെൻ്ററിൽ വെച്ചായിരുന്നു ചടങ്ങ്. സുരക്ഷാ ഉദ്യോഗസ്ഥർ മൂർച്ചയുള്ള വസ്തു എന്നാരോപിച്ചാണ് കൃപാൺ കൈവശം വച്ച് കോൺവക്കേഷൻ ചടങ്ങിലേക്ക് അനുമതി നിഷേധിച്ചത്. താൻ എപ്പോഴും ധരിക്കുന്നൊരു മതചിഹ്നമാണെന്ന് വിശദീകരിച്ചിട്ടും അകത്തേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതായും സിംഗ് പറഞ്ഞു. മുൻപും ക്യാമ്പസിൽ കൃപാൺ ധരിച്ചെത്തിയിട്ടുണ്ടെങ്കിലും തനിക്ക് ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഡർഹാം കോളേജിൻ്റെ നയങ്ങൾ  പിന്തുടരുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.  ഈ നയമനുസരിച്ച്, ഏഴ് ഇഞ്ചിൽ താഴെ മാത്രം നീളമുള്ളതും വസ്ത്രത്തിനടിയിൽ മറച്ച് ധരിക്കുന്നതുമായ കൃപാണുകൾക്ക് മാത്രമാണ് അനുമതി. സിംഗിൻ്റെ കൃപാണിന് 18-നും 24-നും ഇഞ്ചുകൾക്കിടയിൽ നീളമുണ്ടെന്നും, ഇത് അനുവദനീയമായ വലുപ്പത്തേക്കാൾ കൂടുതലാണ് എന്നും ജീവനക്കാർ അവകാശപ്പെട്ടു.

ഈ സംഭവത്തിനെതിരെ വേൾഡ് സിഖ് ഓർഗനൈസേഷൻ കോളേജിന് ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടുണ്ട്. കൃപാണുകൾക്ക് സൗകര്യമൊരുക്കണമെന്ന് കനേഡിയൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും സംഘടനയുടെ നിയമോപദേഷ്ടാവ് പറഞ്ഞു.