ഒൻ്റാരിയോ മന്ത്രിസഭയിലെ അംഗങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പലതവണ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടിട്ടും, കുറ്റക്കാരായ മന്ത്രിമാരെയോ ഡ്രൈവർമാരെയുടേയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാക്കാതെ സർക്കാർ. വ്യക്തിഗത സ്വകാര്യതയുടെയും ജീവനക്കാരുടെ സുരക്ഷയുടെയും ആരോഗ്യത്തിൻ്റെയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിവരങ്ങൾ മറച്ചു വെക്കുന്നത്.
ഗ്ലോബൽ ന്യൂസിന് ലഭിച്ച രേഖകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മന്ത്രിമാരുടെ ഉപയോഗത്തിനായി അനുവദിച്ച വാഹനങ്ങൾ ഓട്ടോമേറ്റഡ് സ്പീഡ് ക്യാമറകളിൽ 23 തവണ കുടുങ്ങിയിട്ടുണ്ട്. ഇതിൽ ഒരു വാഹനം 40 കി.മീ മണിക്കൂർ വേഗത പരിധിയുള്ള സ്ഥലത്ത് 70 കി.മീ മണിക്കൂറിൽ സഞ്ചരിച്ചതായും കണ്ടെത്തി. ഇതിനുപുറമെ, ഒരു മന്ത്രിക്ക് അനുവദിച്ച വാഹനം 12 തവണ 'സ്റ്റണ്ട് ഡ്രൈവിംഗ്' വേഗതയിൽ സഞ്ചരിച്ചതായി സർക്കാരിൻ്റെ ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഈ വാഹനത്തിൻ്റെ വേഗത 162 കി.മീ മണിക്കൂർ ആയിരുന്നു. ആരായാലും അമിതവേഗത അംഗീകരിക്കാനാവില്ല എന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രതികരിച്ചെങ്കിലും, കുറ്റക്കാരനായ ഉദ്യോഗസ്ഥൻ ഇപ്പോഴും സർക്കാരിൽ ജോലി ചെയ്യുന്നുണ്ടെന്നും സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നുമാണ് പ്രീമിയറുടെ ഓഫീസ് അറിയിച്ചത്. എന്നാൽ, ഏത് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വാഹനങ്ങളെന്നും ആരാണ് ഈ വേഗപരിധി ലംഘിച്ചതെന്നും മാധ്യമങ്ങൾ ചോദിച്ചിട്ടും ഉദ്യോഗസ്ഥർ ഉത്തരം നൽകാൻ തയ്യാറായില്ല.