കീസ്റ്റോൺ എക്സ് എൽ പൈപ്പ് ലൈൻ പുനരുജ്ജീവിപ്പിക്കാൻ സാധ്യത, പ്രധാനമന്ത്രി കാർണിയും ട്രംപും ചർച്ച നടത്തി

By: 600110 On: Oct 9, 2025, 1:19 PM

കീസ്റ്റോൺ XL എണ്ണ പൈപ്പ്‌ലൈൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സാധ്യത തെളിയുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രി മാർക് കാർണി യുഎസ് പ്രസിഡൻ്റ് ഡഓണൾഡ് ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്തു. പദ്ധതിയിൽ കാനഡയ്ക്ക് താൽപ്പര്യമുണ്ടെന്ന് കാർണി അറിയിച്ചപ്പോൾ ട്രംപ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. നിലവിൽ 50 ശതമാനം തീരുവയുള്ള കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയുടെ യുഎസ് താരിഫുകൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. സ്റ്റീൽ, അലുമിനിയം, ഊർജ്ജം എന്നിവ ഉൾപ്പെടുന്ന "മുൻഗണനാ വിഷയങ്ങളിൽ" നടപടികൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും തങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയതായി കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു.

ട്രംപ് ദീർഘകാലമായി പിന്തുണയ്ക്കുന്നൊരു പദ്ധതിയാണ് കീസ്റ്റോൺ XL പൈപ്പ് ലൈൻ. ഒബാമ ഭരണകൂടം റദ്ദാക്കിയ ഈ പദ്ധതി, പ്രസിഡൻ്റായിരുന്ന ആദ്യ കാലയളവിൽ ട്രംപ് പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രസിഡൻ്റ് ബൈഡൻ 2021-ൽ ഈ പദ്ധതിക്ക് വീണ്ടും തടയിട്ടു. എന്നാൽ ട്രംപ് ഇപ്പോൾ ബൈഡൻ്റെ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്. 2008ൽ ആദ്യമായി നിർദ്ദേശിക്കപ്പെട്ട ഈ പൈപ്പ്‌ലൈനിലൂടെ വടക്കൻ ആൽബർട്ടയിൽ നിന്ന് നെബ്രാസ്ക വഴി യുഎസ് മിഡ്‌വെസ്റ്റിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാൻ കഴിയും. പദ്ധതിക്കായി ഇതിനകം തന്നെ ആൽബർട്ട 1.5 ബില്യൻ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഒരു പുതിയ പദ്ധതി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അടുത്തിടെ സൂചന നൽകിയിരുന്നു.