ബിൽഡ് കാനഡ ഹോംസ് എന്ന പേരിൽ ഒരു പുതിയ ഏജൻസിയ്ക്ക് രൂപം നല്കിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. അടുത്ത വർഷം മുതൽ ഫെഡറൽ ഭൂമിയിൽ നാലായിരം മോഡുലർ വീടുകൾ നിർമ്മിക്കുകയാണ് ഈ ഏജൻസിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ആറ് നഗരങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം ഏകദേശം45000 വീടുകൾ വരെ നിർമ്മിക്കാനാണ് പദ്ധതി.
മുൻകൂട്ടി നിർമ്മിച്ച ഈ വീടുകൾ നിർമ്മാണ വേഗത വർദ്ധിപ്പിക്കുമെന്നും, ചെലവ് കുറയ്ക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. സ്വീഡൻ , ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഇത്തരം വീടുകൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. സ്വീഡൻ്റെ ഭവന വിപണിയിൽ പ്രീഫാബ് വീടുകൾക്ക് വലിയ സ്വാധീനമുണ്ട്. 23 ബില്യൻ യുഎസ് ഡോളറിലധികം മൂല്യമുള്ളതാണ് ജപ്പാന്റെ മോഡുലാർ ഭവന വ്യവസായം. സിംഗപ്പൂരാകട്ടെ ഏകദേശം ആയിരം യൂണിറ്റുകളുള്ള വലിയ മോഡുലാർ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകൾ നിർമ്മിച്ചിട്ടുണ്ട്.
കനേഡിയൻ കമ്പനികൾ ഇതിനകം തന്നെ ഇത്തരം ഭവനങ്ങൾ നിർമ്മിക്കാൻ വിദേശ സഹകരണം ഉൾപ്പടെ ലക്ഷ്യമിടുന്നുണഅട്. ടൊറൻ്റോ ആസ്ഥാനമായുള്ള അസംബ്ലി കോർപ്സ് പുതിയ ഫാക്ടറി നിർമ്മിക്കുന്നതിനായി സ്വീഡിഷ് സ്ഥാപനമായ ലിൻഡ്ബാക്സുമായി പങ്കാളിത്തത്തിലാണ്. എന്നാൽ, 1960-കളിലെ യുഎസ് ഗവൺമെന്റിൻ്റെ ഓപ്പറേഷൻ ബ്രേക് ത്രൂ പോലുള്ള മുൻകാല പരാജയങ്ങൾ, പ്രിഫാബ് ഭവനങ്ങൾ വലിയ തോതിൽ വ്യാപിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും വ്യക്തമാക്കുന്നുണ്ട്. ശരിയായ ആസൂത്രണവും ശക്തമായ ഏകോപനവും ഇല്ലെങ്കിൽ, കാനഡയുടെ മോഡുലാർ ഭവന പദ്ധതി ഫലം കണ്ടെക്കില്ലെന്ന് ഭവന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.