ദേശീയ ഓണാഘോഷം പ്രൗഢം, ഗംഭീരം; കേരളക്കരയണിഞ്ഞ് ഓട്ടവ

By: 600002 On: Oct 9, 2025, 12:20 PM



 

ഓട്ടവ: ഓണപ്പെരുമയില്‍ കനേഡിയന്‍ പാര്‍ലമെന്റ് സമുച്ചയം കേരളക്കരയണിഞ്ഞു. ഇന്‍ഡോ-കനേഡിയന്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഒരുക്കിയ നാലാമത് പ്രൗഢഗംഭീരമായ ദേശീയ ഓണാഘോഷം ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികാഘോഷങ്ങള്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നതിനിടെ ഒരു രാജ്യത്തിന്റെ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഓണം ആഘോഷിക്കുന്നതിലൂടെയാണ് കനേഡിയന്‍ മലയാളികള്‍ വ്യത്യസ്തരാകുന്നത്.  മലയാളികളുടെ ദേശീയ ആഘോഷത്തിന് കനേഡിയന്‍ തലസ്ഥാനത്ത് ഒരിക്കല്‍ക്കൂടി പൂക്കളമൊരുങ്ങിയതിലൂടെ ഓണംമൂഡിന് പകര്‍ന്നത് പൊന്‍പൊലിമ. 

കാനഡയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം മലയാളി സംഘടനകളുടെകൂടി സഹകരണത്തോടെയായിരുന്നു ജോണ്‍ എ. മക്‌ഡോണള്‍ഡ് ഹാള്‍ ദേശീയ ഓണാഘോഷത്തിന് വേദിയൊരുക്കിയത്. മിക്ക സംഘടനകളുടെയും പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. മൈക്കല്‍ ബാരറ്റ് എംപിയാണ് ഇക്കുറിയും ആതിഥ്യംവഹിച്ചത്. 

താലപ്പൊലിയും മാവേലി എഴുന്നള്ളിപ്പും എഡ്മിന്റനില്‍നിന്നുള്ള നാദം കലാസമിതിയുടെ ചെണ്ടമേളത്തോടെയുമാണ് അതിഥികളെ വരവേറ്റത്. നാട്ടില്‍നിന്ന് പാര്‍ലമെന്റിലെ ഓണാഘോഷത്തിനായി പ്രത്യേകമായി തയാറാക്കി എത്തിച്ച വേഷത്തിലാണ് മാവേലി എഴുന്നള്ളിയത്. കേരളത്തെയും ഓണാഘോഷത്തെയും വരച്ചുകാട്ടിയ കേരള ടൂറിസത്തിന്റെ ഹൃസ്വ വിഡിയോ പ്രദര്‍ശനത്തോടെയായിരുന്നു തുടക്കം. പുഷ്പാലംകൃതമായ വേദിയില്‍ മാവേലിയും കഥകളിയുമെല്ലാം നിറഞ്ഞു. പൂക്കളത്തിനുമുന്നില്‍ ചിത്രങ്ങളെടുക്കാനും തിരക്കായിരുന്നു. കാനഡയുടെ പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ്, ഫെഡറല്‍ മന്ത്രി റൂബി സഹോട്ട എന്നിവരുള്‍പ്പെടെ പതിനഞ്ചോളം പാര്‍ലമെന്റംഗങ്ങള്‍ പങ്കാളികളായി. പാര്‍ലമെന്റംഗങ്ങളെ പൊന്നാടയണിച്ചാണ് വേദിയില്‍ ആദരിച്ചത്. 

 

പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് ഭദ്രദീപം തെളിയിച്ചു. വിളവെടുപ്പിന്റെ ഉല്‍സവങ്ങള്‍ കഠിനാധ്വാനത്തിന്റെ സദ്ഫലങ്ങളുടെ ആഘോഷമാണെന്ന് ഓണാഘോഷത്തെക്കുറിച്ചു പരാമര്‍ശിക്കവെ പിയേര്‍ ചൂണ്ടിക്കാട്ടി. അധ്വാനിക്കുന്നവര്‍ക്കെല്ലാം ഒരേ അവകാശങ്ങളുണ്ടാകുമെന്നതാണ് കാനഡയുടെ പ്രത്യേകതയെന്നും പറഞ്ഞു. 

രാഗമാലിക, ഡാന്‍സിങ് ഡിവാസ്, നൃത്യാഞ്ജലി, എസ്.ജി. എക്‌സ്പ്രഷന്‍സ്, ഭാരതി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവരുടെ നൃത്തപരിപാടികളും ആഘോഷത്തിന് നിറച്ചാര്‍ത്തേകി. ദ് കിംഗ്‌സ് ഫൈവ് ഡോട്ടേഴ്‌സിലെ ഹെയ്‌സല്‍-ഡിയോണ്‍ സഹോദരങ്ങളുടെ ഉപകരണസംഗീതവുമുണ്ടായിരുന്നു. കേരളത്തിന്റെയും മലയാളികളുടെയും സാന്നിധ്യം കനേഡിയന്‍സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനാണ് ജനപ്രതിനിധികളുടെ സഹകരണത്തിലും സാന്നിധ്യത്തിലും നാലും വര്‍ഷംമുന്‍പ് ഇത്തരത്തില്‍ ദേശീയ ഓണാഘോഷത്തിന് രാജ്യതലസ്ഥാനത്ത് തുടക്കംകുറിച്ചതെന്ന് സംഘാടകസമിതി അധ്യക്ഷന്‍ ബിജു ജോര്‍ജ് പറഞ്ഞു. 

കാനഡ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ വിക്ടര്‍ ടി. തോമസ്, ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജയിംസ് ഓട്ടോ ഗ്രൂപ്പ് ഉടമ ബോബന്‍ ജയിംസ്, എന്‍. കെ. ഷര്‍ഫാസ് (മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്), ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസ് എന്നിവരും  മറ്റു സംഘടനാ നേതാക്കളും സ്‌പോണ്‍സര്‍മാരും പങ്കെടുത്തു. ട്രിറ്റി അനീഷ്, അലീന അലോഷ്യസ് എന്നിവര്‍ പരിപാടിയുടെ അവതാരകരായി. 

ബിജു ജോര്‍ജ് ചെയറും റാം മതിലകത്ത് കണ്‍വീനറും രേഖ സുധീഷ് ഇവന്റ് കോര്‍ഡിനേറ്ററും സതീഷ് ഗോപാലന്‍, ടോമി കൊക്കാട്ട് എന്നിവര്‍ കോ-ചെയര്‍മാരും സുധീഷ് പണിക്കര്‍ ഹോസ്പിറ്റാലിറ്റി ഓപ്പറേഷന്‍സിന്റെയും പ്രവീണ്‍ വര്‍ക്കി കമ്യൂണിറ്റി ഔട്ട്‌റീച്ചിന്റെയും  വിനോദ് ജോണ്‍ മീഡിയയുടെയും കോ-ഓര്‍ഡിനേറ്റര്‍മാരുമായുള്ള സംഘാടകസമിതിയും വളന്റിയര്‍മാരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സ്വദേശികളും വിദേശികളുമെല്ലാമായി അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. 

 

നാലു വര്‍ഷം മുന്‍പാണ് ആദ്യമായി കാനഡയില്‍ പാര്‍ലമെന്റിലെ ഓണാഘോഷത്തിന് തുടക്കംകുറിച്ചത്. മുന്‍വര്‍ഷങ്ങളിലും ശ്രദ്ധേയമായ രീതിയില്‍ നടത്തിയ ഓണാഘോഷം കാനഡയിലുടനീളമുള്ള മലയാളി സംഘടനകളെയും സമൂഹത്തെയും ഒന്നിച്ചുകൂട്ടുന്ന വേദിയായി മാറിയതിന്റെ അഭിമാനത്തിലാണ് സംഘാടകസമിതി. കനേഡിയന്‍ സമൂഹത്തില്‍ കേരളത്തില്‍നിന്നുള്ളവരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം വിളിച്ചറിയിക്കുന്നതിന് പാര്‍ലമെന്റിലെ ഓണാഘോഷങ്ങള്‍ വഴിയൊരുക്കുന്നതായാണ് ഓരോതവണത്തെയും വര്‍ധിച്ച പ്രാതിനിധ്യം വിളിച്ചറിയിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്തവരില്‍ ഫെഡറല്‍ മന്ത്രി അനിത ആനന്ദ്, യൂക്കോണ്‍ പ്രീമിയര്‍ മലയാളിയായ രഞ്ജ് പിള്ള തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.