ഹോക്സിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാൽഗറി പൊലീസ്

By: 600110 On: Oct 9, 2025, 5:39 AM

ഹോക്സിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാൽഗറി പൊലീസ്.  ഒപ്പം ഒരു ദുരന്തത്തിൻ്റെ അനുസ്മരണവും ഒരുക്കും. കമ്മ്യൂണിറ്റി സേഫ്റ്റിക്കായുള്ള ഹെലികോപ്റ്റർ എയർ വാച്ചിൻ്റെയും (HAWCS), എയർ സപ്പോർട്ട് യൂണിറ്റിൻ്റെയും വാർഷികമാണ് കാൽഗറി പൊലീസ് ആഘോഷിക്കുന്നത്. 

1993 ഒക്ടോബറിൽ കോൺസ്റ്റബിൾ റിക്ക് സോണൻബെർഗ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹോക്സ് സ്ഥാപിക്കപ്പെട്ടത്. മോഷ്ടിച്ച വാഹനവുമായി കടന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനം ഇടിച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 27 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തുടർന്ന് അദ്ദേഹത്തിൻ്റെ സഹോദരി റിക് സോണൻബെർഗ് മെമ്മോറിയൽ സൊസൈറ്റിക്ക് രൂപം നൽകി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വലിയ പിന്തുണയോടെ, സിപിഎസിൻ്റെ ആദ്യത്തെ പട്രോളിംഗ് ഹെലികോപ്റ്ററിന് ധനസഹായമായി 1.5 മില്യൻ ഡോളർ ഈ സൊസൈറ്റി സമാഹരിച്ചു. 

1995 ജൂലൈ 18-നാണ് ഹോക് ആദ്യമായി പറന്നുയർന്നത്. ഇതോടെ കാനഡയിൽ ഒരു വ്യോമ നിരീക്ഷണ സംവിധാനമുള്ള ആദ്യത്തെ മുനിസിപ്പൽ പോലീസ് ഏജൻസിയായി കാൽഗറി മാറി. സിപിഎസ് പറയുന്നതനുസരിച്ച്, 2019 മുതൽ 30685 തവണ ഈ ഹെലിക്കോപ്റ്റർ സേവനത്തിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 4991 പേരെ പിടികൂടാനും സഹായിച്ചിട്ടുണ്ട്.