പ്രോപ്പർട്ടി ടാക്സ് വർധന മരവിപ്പിക്കാനുള്ള “സീറോ മീൻസ് സീറോ“ പ്രമേയം വാൻകൂവർ സിറ്റി കൌൺസിൽ അംഗീകരിച്ചു

By: 600110 On: Oct 9, 2025, 4:59 AM

 

പ്രോപ്പർട്ടി ടാക്സ് വർധന മരവിപ്പിക്കാൻ ലക്ഷ്യമിട്ട് വാൻകൂവർ മേയർ മുന്നോട്ട് വച്ച “സീറോ മീൻസ് സീറോ“പ്രമേയം വാൻകൂവർ സിറ്റി കൌൺസിൽ അംഗീകരിച്ചു. 2026-ൽ പ്രോപ്പർട്ടി നികുതി ഒരു കാരണവശാലും വർദ്ധിപ്പിക്കാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പ്രോപ്പർട്ടി ടാക്സ് മരവിപ്പിക്കുന്നത് സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നല്കി. 

ബുധനാഴ്ച രാവിലെയാണ് മേയർ കെൻ സിം തൻ്റെ "സീറോ മീൻസ് സീറോ" പ്രമേയം സിറ്റി കൗൺസിലിൽ അവതരിപ്പിച്ചത്. പ്രമേയം പാസായതോടെ നികുതിദായകരുടെ ഭാരം കുറയ്ക്കുന്നതും ചെലവ് നിയന്ത്രിക്കുന്നതുമായൊരു ബജറ്റ് തയ്യാറാക്കാൻ കൗൺസിൽ സിറ്റി സ്റ്റാഫിന് നിർദ്ദേശം നൽകും. പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, വർദ്ധിച്ചുവരുന്ന ശമ്പളച്ചെലവുകൾ, യുഎസുമായുള്ള വ്യാപാരയുദ്ധത്തിൻ്റെ ദീർഘകാല പ്രത്യാഘാതം എന്നിവയുടെ പശ്ചാത്തലത്തിൽ ഈ തീരുമാനം ബിസിനസ്സുകളെ സഹായിക്കുമെന്നാണ് വലിയൊരു വിഭാഗത്തിൻ്റെ വിലയിരുത്തൽ. പ്രമേയത്തെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും പൂജ്യം ശതമാനം വർദ്ധനയെന്ന തീരുമാനത്തിൽ സന്തോഷമുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.

എന്നാൽ  പ്രോപ്പർട്ടി നികുതി വർദ്ധനവ് മരവിപ്പിക്കുന്നതിലൂടെ പൊതുസേവനങ്ങളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തേണ്ടി വരുമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. നിലവിലുള്ള സേവന നിലവാരം നിലനിർത്താൻ 2026-ൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർദ്ധനവ് ആവശ്യമാണെന്ന് പ്രവചിക്കുന്ന സ്പ്രിംഗ് സ്റ്റാഫ് റിപ്പോർട്ടും അവർ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ നിലവിലെ തീരുമാനം ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും അവർ ആരോപിച്ചു.