ഫെഡറൽ ഡിഫൻസ് ഇൻവെസ്റ്റ്മെൻ്റ് ഏജൻസി സിഇഒയ്ക്ക് വാർഷിക ശമ്പളം ഏകദേശം 680000 ഡോളർ. പ്രതിരോധ കരാറുകളുടെ മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രി മാർക് കാർണി നിയമിച്ച ഡഗ്ലസ് ഗൂസ്മാൻ ആണ് കാബിനറ്റിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനെന്ന് ബ്ലാക്ക്‌ലോക്ക് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. കാർണിയുടെ മുൻ സഹപ്രവർത്തകനായ ഗൂസ്മാൻ ധനമന്ത്രിയുടെ ഇരട്ടി ശമ്പളമാണ് കൈപ്പറ്റുന്നത്. പ്രതിവർഷം 679100 ഡോളറാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഗൂസ്‌മാനും കാർണിയും മുമ്പ് ഗോൾഡ്മാൻ സാക്സിൽ ബിസിനസ് അസോസിയേറ്റ്സ് ആയിരുന്നു.
സൈനിക കരാറുകൾ "പരിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും" വേണ്ടി കാർണിയാണ് പബ്ലിക് വർക്സിൻ്റെ ഈ പുതിയ വിഭാഗം സ്ഥാപിച്ചത്. ഗൂസ്‌മാൻ്റെ ശമ്പളം വ്യക്തമാക്കുന്ന കാബിനറ്റ് ഉത്തരവുകൾ ഇന്നലെയാണ് പരസ്യമാക്കിയത്. ഉയർന്ന ശമ്പളത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. ഫെഡറൽ ചെലവുകൾ വെട്ടിക്കുറക്കുമെന്ന പ്രധാനമന്ത്രി കാർണിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഈ ഉയർന്ന ശമ്പളവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.