(ജോയ്സ് വര്‍ഗീസ്,കാനഡ )
ഗള്‍ഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം. മലയാളികള്‍ക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു.
വീട്ടില്‍ പാര്‍ട്ട് ടൈം ജോലിക്കുവരുന്ന തൊഴിലാളികള്‍ (labours) ചിലരെ ഇതിനിടയില്‍ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം പറ്റുന്ന ഇവര്‍ അവരുടെ കുടുംബത്തിന്റെ അത്താണിയാണ്. ഒത്തിരി പേരുടെ സ്വപ്നങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഇവരെ മാത്രം. കടമ, ദയ ഇതൊക്ക മറ്റുള്ളവരില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ഇവരില്‍ നിന്നും ആഗ്രഹിക്കുന്നു.
അകവും പുറവും ഒരുപോലെ ചുട്ടുപൊള്ളുന്ന ഇവര്‍ എങ്ങനെ ജീവിക്കുന്നുവെന്നു പലരും അറിയാറില്ല. കടല്‍ കടന്നവര്‍ ഭാഗ്യവാന്മാര്‍ എന്നൊരു തോന്നലുള്ളവര്‍ നാട്ടില്‍ ഏറെയുണ്ട്. വിദേശങ്ങളില്‍ ജീവിക്കുന്ന എല്ലാവരും ബുദ്ധിമുട്ടുന്നവരല്ലെങ്കിലും ഇതില്‍ കഷ്ടപ്പെടുന്ന അനേകരുണ്ട്.
ആവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നീണ്ടുപോകുമ്പോള്‍ പറയാന്‍ ഇത്രമാത്രം, അവരുടെ യാതന നിങ്ങള്‍ക്കറിയില്ല!' പെര്‍ഫ്യൂം, സിഗരറ്റ്, കൂളിംഗ് ഗ്ലാസ് തുടങ്ങി ആഡംബരങ്ങളായി വന്നിറങ്ങുന്നവര്‍, അല്‍പം പോലും കരുണയില്ലാത്ത കാലവസ്ഥയില്‍, തൊഴിലാളിയുടെ അന്തസ്സിനും അവകാശത്തിനും ഒരു വിലയുമില്ലാത്ത നാട്ടില്‍, ഓരോ ദിവസവും തള്ളിനീക്കുന്നത് എങ്ങനെയെന്നു അവരെ പരിചയപ്പെട്ട പ്രവാസികള്‍ക്ക് കുറച്ചൊക്കെ അറിയാം.
വീട്ടില്‍ ജോലിക്ക് വന്നിരുന്ന ഒട്ടുമിക്കപേര്‍ക്കും പറയാനുള്ളത് ഒരേ കഥയായിരുന്നു. കുടുംബത്തെ കരപറ്റിക്കാന്‍ ഇറങ്ങിപുറപ്പെട്ടു. ഇപ്പോള്‍ ഒടുങ്ങാത്ത ആവശ്യങ്ങളുടെ ചുഴിയില്‍ നിന്നും രക്ഷപ്പെടാനാകാതെ കറങ്ങുന്നു. ഒരു ദിവസം തീരെ മെലിഞ്ഞുനീണ്ട ചെറുപ്പക്കാരന്‍ ഡോര്‍ബെല്‍ അമര്‍ത്തി. 'ഏന്‍ പേര് ശരവണന്‍ ', തമിഴ് ചുവയില്‍ അവന്‍ പറഞ്ഞു. ഇവിടെ ഒരാളെ ജോലിക്ക് അന്വേഷിക്കുന്നുണ്ടെന്നു അറിഞ്ഞുവെന്നും അവനെ എന്റെ ഒരു സുഹൃത്ത്പറഞ്ഞുവിട്ടതാണെന്നും തമിഴും മലയാളവും കലര്‍ത്തി പറഞ്ഞൊപ്പിച്ചു.
'അമ്മാ... നീങ്ക കേരാളാ പീപ്പിള്‍?'
'ഉം...', ഞാന്‍ തലയാട്ടി. ലക്ഷക്കണക്കിനു മലയാളികളെ പറിച്ചു നട്ട ഈ രാജ്യത്ത് മലയാളികളെ കാണാന്‍ എന്തു പ്രയാസം?, ഞാന്‍ ഉള്ളില്‍ ചിരിച്ചു.
'എനക്ക് കേരളാ പീപ്പിള്‍, റൊമ്പ പുടിക്കും, തങ്കപ്പെട്ടവര്, ഡീസന്റ്', അവന്‍ വെളുക്കെ ചിരിച്ചു.
'ങും...', ഞാന്‍ വീണ്ടും തലയാട്ടി, ഇതു കുറെ കേട്ടിരിക്കുണു, ഞാന്‍ വേഗത്തില്‍ പറഞ്ഞവസാനിപ്പിച്ചത് പിടിച്ചെടുക്കാന്‍ ശരവണന്‍ പരുങ്ങി.
അവന്റെ സംസാരത്തില്‍ മര്യാദയും വേഗതയും ചുറുചുറുക്കുമുണ്ടായിരുന്നു. അവന്റെ നീട്ടിയുള്ള'അമ്മാ' വിളിയും മലയാളം വാക്കുകളുടെ വികലമായ ഉച്ചാരണവും ഇടയ്ക്കിടെ എന്നെ ചിരിപ്പിച്ചു.
മലയാളം അറിയുമോ? എന്ന രണ്ടു വാക്ക് ചോദ്യത്തിന്, അവന്റെ താമസസ്ഥലവും ജോലിയും കൂട്ടുകാരും ലേബര്‍ ക്യാമ്പിലെ സമൃദ്ധമായ മലയാളിസാന്നിധ്യവും കഴിഞ്ഞ വര്‍ഷത്തെ ഓണ സദ്യയും അണക്കെട്ട് പൊട്ടിയ പോലെ ഒഴുകിയെത്തി. ഇവന്റെ സംസാരം പാരയാകുമോ?
എന്നൊരു പേടി ഞാന്‍ ഉള്ളില്‍ വെച്ചു.
'അമ്മാ തമിഴ് തെരിയുമാ?'
അവന്‍ തമിഴ് പേശി.
'കൊഞ്ചം, കൊഞ്ചം തെരിയും,' ഞാനും രണ്ടു വാക്കു തമിഴ് പേശി, ബാക്കി മലയാളത്തിലും മിണ്ടി.
ഹിന്ദി, ഉറുദു, ബാംഗ്‌ളാ വരെ പാര്‍ട്ട് ടൈം ക്ലീനിംഗ് ജോലിക്കു വരുന്നവരോടു പയറ്റിനോക്കിയ എന്നോടാണോ കളി ശരവണാ?, ഞാന്‍ മനസ്സില്‍ . പറഞ്ഞു. ഇവിടെ ജോലി റോക്കറ്റ് വിക്ഷേപണം ഒന്നുമല്ലല്ലോ. പാത്രം കഴുകാനും തറ തുടക്കാനും പറയാന്‍ എന്റെ തമിഴ് ഭാഷാപരിജ്ഞാനമൊക്കെ ധാരാളം മതി, ഞാന്‍ അതങ്ങ് ഉറപ്പിച്ചു. ഇവന് ജോലിയില്‍ വൃത്തിയും വെടിപ്പുമുണ്ടായാല്‍ മാത്രം മതിയായിരുന്നു, ഞാന്‍ ആശിച്ചു.
'എന്നാ ശൊല്ലിയാലും തമിഴരു നാങ്കെ ഊരില് പക്കത്തിലിരിക്ക് ', തമിഴ് സിനിമയില്‍ നിന്ന് കേട്ടു പഠിച്ച ചുരുക്കം ചില വാക്കുകള്‍ കൊണ്ട് ഞാനെന്റെ പൊട്ട തമിഴിന് മൂര്‍ച്ച കൂട്ടി. വ്യാകരണ നിയമങ്ങളോടു കൊഞ്ഞനം കുത്തുന്ന തമിഴ് കേട്ട് അവന്‍ ചിരിച്ചു. മുഴുവന്‍ വാചകവും തമിഴില്‍ പേശി കുളമാക്കേണ്ട എന്നൊരു ധ്വനി ആ ചിരിയിലില്ലെ എന്ന് ഞാന്‍ സന്ദേഹിച്ചു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവെ സംസാരപ്രിയനായ ശരവണന്‍ മെല്ലെ മെല്ലെ കഥകള്‍ കെട്ടഴിച്ചിട്ടു. ക്യാമ്പിലെ വിശേഷങ്ങള്‍ നീട്ടി വിസ്തരിച്ചു വിളമ്പും. മലയാളികളുടെ കറികള്‍ രുചിച്ചതും മുറിയില്‍ അരങ്ങേറിയ നുറുങ്ങു തമാശകളും അലക്കി ഉണങ്ങാനിട്ട ഷര്‍ട്ടും പാന്റും മോഷണം പോയതും വര്‍ത്തമാനങ്ങളില്‍ നിറയും. അമ്മക്കു കൊടുത്തയക്കാന്‍ വാങ്ങിയ സാരിയുടെ നിറത്തെ കുറിച്ചവന്‍ പറയുമ്പോള്‍, മകനെ കാണാന്‍ അവധിക്കാലം നോക്കി കാത്തിരിക്കുന്ന അമ്മയുടെ വിതുമ്പല്‍ എനിക്ക് കേള്‍ക്കാനാകും.
അവനു വേണ്ടി ഞാന്‍ കരുതിവെച്ചിരുന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിക്കും.'ഞാന്‍ കഴിച്ചാണ് വന്നത് 'എന്ന് പറഞ്ഞു വീണ്ടും ഭക്ഷണം കഴിക്കുന്ന അവന്‍ പറയും, ഞാന്‍ കുറെ പട്ടിണി കിടന്നിട്ടുണ്ട്, നിങ്ങള്‍ക്കത് അതറിയില്ല. ഗള്‍ഫില്‍ വരും മുന്‍പ് എന്താണ് ചെയ്തിരുന്നത്?, ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
'നെല്ല് കമ്പനിയില്‍ പണിയായിരുന്നു.'പാരഗ്രാഫ് ഉത്തരത്തിനു പകരം ഒരു രണ്ടു പേജ് പ്രബന്ധം എഴുതി എന്നെ ശരവണന്‍ തോല്‍പ്പിച്ചു. നെല്ല് വിതക്കുന്നതു മുതല്‍ കൊയ്തു പാറ്റി, അരിച്ചാക്കു ലോറിയില്‍ കയറ്റുന്നത് വരെ വിവരണമെത്തി. എനിക്ക് ഒരു നീണ്ട ഡോക്യൂമെന്ററി കണ്ട ഫീല്‍ കിട്ടി.
'എനിക്ക് ആ ജോലികള്‍ മുന്‍പ് അറിയാം, ഞങ്ങള്‍ക്ക് പത്തേക്കര്‍ നെല്‍കൃഷി ഉണ്ടായിരുന്നു.'ങേ..? ഞാന്‍ ഒന്ന് ഞെട്ടിയോ?
വെറുതെ 'തള്ള് ' ആയിരിക്കുമോ? എന്നിട്ടെന്തിന് ഈ മരുഭൂമിയില്‍ ലേബര്‍ പണി ചെയ്യുന്നു? കുറച്ചു സമയം കൊണ്ട് പല ചോദ്യങ്ങളും എന്റെ തലയില്‍ മിന്നി.
പക്ഷെ ഒരു നിമിഷം അവന്റെ സംസാരം നിലച്ചുപോയതും കണ്ണുകള്‍ ഈറനായതും ഞാന്‍ കണ്ടു. എന്തോ അവനെ അലട്ടുന്നുണ്ടെന്നു എനിക്ക് തോന്നി. കുറച്ചു സമയത്തിനു ശേഷം സംയമനം വീണ്ടെടുത്തു അവന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു, നോവായി നീറുന്നു.
വംശീയകലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ശ്രീലങ്കന്‍ തമിഴ് കുടുംബം. കലാപം കീഴടക്കിയ ജാഫ്‌നയിലാണ് ശരവണന്റെ വീട്. അച്ഛനും അമ്മയും മുത്തശ്ശിയും നാലുമക്കളുമടങ്ങുന്ന കുടുംബം. അവന്‍ പന്ത്രണ്ടാം ക്ലാസ് ജയിച്ച് എം.എല്‍.ടി കോഴ്‌സിനു പഠിക്കുമ്പോഴാണ് ശ്രീലങ്കയില്‍ കലാപം പടര്‍ന്നതു്. തമിഴര്‍ ഭയന്നു കഴിഞ്ഞ കാലഘട്ടമായിരുന്നത്. ജീവനും സ്വത്തിനും മാനത്തിനും സുരക്ഷയില്ലാതിരുന്ന അവസ്ഥ.
അവന്റെ വീട്ടില്‍ അടുക്കളയില്‍ എല്ലാവരും ചേര്‍ന്ന് നിലത്തിരുന്നാണ് ഉണ്ണാറുള്ളത്. വലിയ തളിക പാത്രങ്ങളില്‍ കുറച്ചു വിഭവങ്ങള്‍ മാത്രം വിളമ്പും. നീണ്ടു നില്‍ക്കുന്ന കലാപം നശിപ്പിച്ച നാട്ടില്‍ തമിഴരുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായി മാറിക്കൊണ്ടിരുന്നു. എത്ര ദിവസങ്ങള്‍ നമ്മള്‍ എല്ലാവരും ഇങ്ങനെ കൂടെയുണ്ടാകുമെന്ന ഭയം മുതിര്‍ന്നവരെ ഗ്രസിച്ചിരുന്നു. അതിനാല്‍ ഭക്ഷണ സമയത്ത് അസുഖകരമായ വാര്‍ത്തകള്‍ സംസാരിക്കരുത് എന്ന് അച്ഛന്‍ വിലക്കിയിരുന്നത്രെ. പറഞ്ഞു തേഞ്ഞ തമാശക്കഥകള്‍ വീണ്ടും വീണ്ടും വിളമ്പി ചിരിച്ച ഒരു അത്താഴവേളയിലാണ്, കലാപകാരികള്‍ നിറത്തോക്കുകളുമായി വീട്ടില്‍ ഇരച്ചുകയറിത്. വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുന്ന കൈക്കുമ്പിളിലെ വെള്ളത്തുള്ളികളായിരുന്നു അവരുടെ ജീവനെന്ന് അച്ഛന് അറിയാമായിരിക്കാം!
പതിനാറു വയസ്സിനു മുകളില്‍ ഉള്ള പുരുഷന്മായിരുന്നു അവരുടെ ഉന്നം. തോക്കിന്‍ തുമ്പ് താടിയില്‍ മുട്ടി നിന്ന ഭയാനകനിമിഷം ശരവണന്‍ കണ്ണടച്ചുവെന്നും അവന് ഒന്നും പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പ്രജ്ഞ മരവിച്ചുവെന്നും പറയുന്നു. ശരവണന്‍ തീരെ മെലിഞ്ഞ പ്രകൃതിയായതുകൊണ്ട് അവന് പതിനാറ് വയസ്സ് തികഞ്ഞില്ല എന്ന് മുത്തശ്ശി പറഞ്ഞ കള്ളം അവര്‍ വിശ്വസിച്ചു, അവനെ വെറുതെ വിട്ടു.
അവരുടെ കണ്‍മുമ്പില്‍ തന്നെ അച്ഛന്റെയും ജേഷ്ഠന്റെയും ജീവനെടുത്തു. അവന്റെ വാക്കുകള്‍ മുറിഞ്ഞിരുന്നു. അവരുടെ വയറ്റിലാണ് അവര്‍ വെടിയുതര്‍ത്തത്. ചോര ചീറ്റി, ആര്‍ത്തനാദത്തോടെ മറിഞ്ഞു വീഴുന്ന അച്ഛനേയും സഹോദരനും ഒരു നിമിഷം മൗനമായിരിക്കുമ്പോള്‍ അവന്റെ മുന്നില്‍ തെളിയും. അതിനാലാണ് എപ്പോഴും എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിയ്ക്കാന്‍ അവന്‍ ശ്രമിക്കുന്നത്. ഇപ്പോഴും ആ ഞെടുക്കുന്ന കാഴ്ചയില്‍ ഉറക്കം ഞെട്ടി അവന്‍ ഉണരാറുണ്ട് പോലും.
വീടും തൊടിയും മുഴുവനായും അവര്‍ തീവെച്ചു നശിപ്പിച്ചു. കുടുംബത്തില്‍ ബാക്കിയായവരെ ഇരുട്ടിലേക്കു ആട്ടിപ്പായിച്ചു. അലറിക്കരഞ്ഞ് രക്ഷപ്പെടാന്‍ ഓടുന്നതിനടയില്‍ പിന്തിരിഞ്ഞ് നോക്കുമ്പോള്‍ വീടും അതിനുള്ളിലെ പ്രിയപ്പെട്ടവരും അഗ്നിഗോളമായി കുതിച്ചു പൊങ്ങുന്നതവര്‍ കണ്ടു.
അവന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ എനിക്ക് ശരീരത്തില്‍ തരിപ്പ് കയറുന്നതായി തോന്നി.
പിന്നീടുള്ള പാലായനത്തിന്റെ നാളുകള്‍. ഇരുട്ടിലേക്കും വിശപ്പിലേക്കുമുള്ള അലച്ചില്‍. മാറി മാറി താമസിച്ച അഭയാര്‍ത്ഥി ക്യാമ്പുകള്‍. അനുഭവിച്ചവരുടെ സാക്ഷ്യത്തിന് മൂര്‍ച്ച കൂടും. അവരുടെ വാക്കുകള്‍ക്ക് ജീവനുണ്ട്, വികാരങ്ങളുണ്ട്.
ശരവണന്റെ രോഗിയായ മുത്തശ്ശി ക്യാമ്പില്‍ വെച്ചു മരിച്ചു. കണ്‍മുമ്പില്‍ സംഭവിച്ച ദുരന്തത്തിന്റെ നടുക്കം വിട്ടൊഴിയാതെ അനിയത്തി ചെറിയ ശബ്ദം കേട്ടാല്‍ പോലും ഞെട്ടി വിറക്കുന്ന അവസ്ഥയിലേക്കു വീണു.
ദുരിതം പെയ്ത വര്‍ഷങ്ങള്‍, ദാരിദ്രവും ഭയവും രോഗവും ഞെരക്കിയപ്പോഴും ജീവിതത്തോടുള്ള അടങ്ങാത്ത ത്വര മാത്രം അവരെ ജീവിപ്പിച്ചു.
കലാപം ഒതുങ്ങിയപ്പോള്‍ അവര്‍ നാട്ടില്‍ തിരിച്ചെത്തി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ കൃഷിസ്ഥലം തിരിച്ചുകിട്ടും എന്ന് കേള്‍ക്കുന്നു. സ്ഥലത്തിന്റെ ആധാരവും മറ്റു രേഖകളും ഒരു ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. ഒരു ആക്രമണവും തുരുത്തലും പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വീടുവിട്ടു പോകേണ്ടി വന്നാല്‍ കൈവശമെടുക്കണമെന്ന് അച്ഛന്‍ പറഞ്ഞേല്പിച്ചിരുന്നു.
'കലാപമവസാനിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. അമ്മയിപ്പോള്‍ കൃഷിസ്ഥലം തിരിച്ചു ലഭിക്കാന്‍ കൈവശമുള്ള രേഖകളുമായി നെട്ടോട്ടത്തിലാണ്. സ്ഥലം തിരിച്ചുകിട്ടിയാല്‍ ഞാന്‍ തിരിച്ചു പോകും. എന്റെ അച്ഛനെപ്പോലെ നല്ല കൃഷിക്കാരനാകും.', നിറം കുറഞ്ഞ മുഖത്തെ തിളക്കമുള്ള കണ്ണുകളില്‍ കൊച്ചു നക്ഷത്രം കണ്ണടച്ചു തുറന്നു.
'നിങ്ങള്‍ക്ക് ഒന്നും അറിയില്ല.'
അവന്‍ പിറുപിറുത്തു.
ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര ദുഃഖം പേറിയിരുന്ന ചെറുപ്പക്കാരനെ മരവിച്ച കണ്ണുകള്‍കൊണ്ടു നോക്കിയിരുന്നു. വാക്കുകള്‍ നഷ്ടപ്പെട്ട ആ സമയം ഞാന്‍ അവനോടു പറഞ്ഞു.
'ക്ഷമിക്കണം, ഞാന്‍ എല്ലാം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചുവല്ലെ?'
'ഇല്ല, അമ്മാ, അത് സാരമില്ല, ഇതെല്ലാം എങ്ങനെ മറക്കത്?', അവന്‍ നെടുതായി നിശ്വസിച്ചു.
'ശരവണന്‍ പൊയ്‌ക്കോളൂ, ഇന്ന് ജോലിയൊന്നും ചെയ്യേണ്ട.', ഞാനവനെ യാത്രയാക്കി. കൈകഴുകാന്‍ മറന്നു, സോപ്പുപത ഷര്‍ട്ടില്‍ തുടച്ചു, വാതില്‍ കടന്നുപോയ ശരവണന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
'നിങ്ങള്‍ക്ക് ഒന്നും അറിയില്ല.'
അതെ, നമുക്കറിയില്ല, ഇല്ലാത്തവന്റെ വിശപ്പും കലാപവും യുദ്ധവും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തുന്ന ദുഖത്തിന്റെ ആഴവും. പിറന്ന വീടും നാടും അന്യമായി, ശൂന്യമായ ഭാവിയിലേക്ക് ഉററുനോക്കുന്നവരുടെ വികാരം നമുക്കറിയില്ല.
ഭക്ഷണത്തിനായി നീണ്ട തണ്ടുള്ള വലിയ പാത്രങ്ങള്‍ നീട്ടുന്ന ഗാസയിലെ യുദ്ധഭൂമിയിലെ നിസ്സഹായരായ മനുഷ്യക്കൂട്ടവും യുദ്ധം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഉക്രൈന്‍ എന്ന രാജ്യവും ഇന്ന് വാര്‍ത്തകളില്‍ നിറയുന്നു. ലോകത്തില്‍ ഒരിടത്ത് അല്ലെങ്കില്‍ മറ്റൊരിടത്ത് കേള്‍ക്കുന്ന ആയിരമായിരം ശരവണന്മാരുടെ സ്വരം ഒന്നു തന്നെ.
സമാധാനത്തിന്റെ വെള്ളപ്പൂക്കള്‍ എല്ലായിടവും വിരിയുമെന്നും നമുക്ക് പ്രത്യാശിക്കാം. അതില്‍ സഹാനുഭൂതിയുടെ ഒരിതളെങ്കിലും ഈ ഭൂമിയില്‍ വിരിയട്ടെ!