ടൊറൻ്റോയിലെ ഹൈസ്കൂളിൽ അറബിയിൽ 'ഓ കാനഡ' ദേശീയഗാനം കേൾപ്പിച്ചത് വിവാദമായി. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയുടെ രണ്ടാം വാർഷിക ദിനത്തിൽ ടൊറൻ്റോയിലെ ഏൾ ഹെയ്ഗ് സെക്കൻഡറി സ്കൂളിലാണ് കനേഡിയൻ ദേശീയഗാനമായ 'ഓ കാനഡ' അറബിയിൽ കേൾപ്പിച്ചത്. ഇതിനെതിരെ താക്കീതുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ഇത് യാദൃശ്ചികമാണെന്ന് വിശ്വസിക്കുന്നില്ല എന്ന് മന്ത്രി പോൾ കാലൻഡ്ര പറഞ്ഞു.
സംഭവത്തെ ശക്തമായാണ് മന്ത്രി വിമർശിച്ചത്. ഇനി ഇത്തരം സംഭവം ആവർത്തിക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ജൂത ജനതയ്‌ക്കെതിരെ നടന്ന ഏറ്റവും മോശമായ തീവ്രവാദി ആക്രമണത്തിൻ്റെ വാർഷികത്തിൻ്റെ പ്രാധാന്യം ആരും തിരിച്ചറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് വ്യക്തമാക്കിയ കാലൻഡ്ര, എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിൽ സ്കൂൾ ബോർഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു സമൂഹത്തിൻ്റെ ചെലവിൽ മറ്റൊന്നിനെ പിന്തുണയ്ക്കരുത് എന്നും പറഞ്ഞു.
കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ദേശീയഗാനം ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ അറബിയിലുള്ള 'ഓ കാനഡ' കേൾപ്പിച്ചത് തന്നെ വിവാദമായിരുന്നു. എന്നാൽ ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ വാർഷിക ദിനത്തിൽ ഇത് ചെയ്തത് സ്കൂളിലെ ജൂത വിദ്യാർത്ഥികളോടുള്ള കടുത്ത ക്രൂരതയാണെന്നും വിലയിരുത്തപ്പെടുന്നു. ഒരു ജൂത വിദ്യാർത്ഥിയുടെ രക്ഷിതാവും ഇതിനെതിരെ രംഗത്തെത്തി. തങ്ങളുടെ മതം മറച്ചുവെക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അവർ പറയുന്നു. വിദ്യാഭ്യാസ മന്ത്രാലയവും ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഭീകരർ 1,200-ഓളം ഇസ്രായേലികളെയും കനേഡിയൻ പൗരന്മാരെയും വിദേശികളെയും കൊലപ്പെടുത്തിയതിൻ്റെ വാർഷിക ദിനത്തിലും, ജൂത ആഘോഷമായ സുക്കോത്ത് ദിനത്തിലുമാണ് ഈ സംഭവം നടന്നത്.