കാനഡയുടെ ധനക്കമ്മി 100 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് നാഷണൽ ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ സ്റ്റെഫെയ്ൻ മാരിയൻ മുന്നറിയിപ്പ് നൽകി. ഫെഡറൽ സർക്കാർ വലിയ പദ്ധതികൾ പിന്തുടരുന്നതിനാലും കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്നതിനാലും കാനഡയുടെ കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ (GDP) ഏകദേശം 3% വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
കുതിച്ചുയരുന്ന കമ്മി രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചും, കടബാധ്യതയെക്കുറിച്ചുമുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്. സർക്കാരിൻ്റെ ചിലവ് കൂടുന്നതിനനുസരിച്ച്, ഫെഡറൽ കടം അടച്ചുതീർക്കുന്നതിനായുള്ള പലിശ ചെലവുകൾ ആരോഗ്യ ട്രാൻസ്ഫറുകൾക്കായി പ്രവിശ്യകളിലേക്ക് നൽകുന്ന തുകയേക്കാൾ കൂടുതലായിട്ടുണ്ട്. ഇത്തരത്തിലുള്ള ധനക്കമ്മി വളരുന്ന പ്രവണത, ഭാവി തലമുറകളുടെ മേൽ വലിയ കടഭാരം അടിച്ചേൽപ്പിക്കുമെന്നും, സാമ്പത്തിക മാന്ദ്യമുണ്ടായാൽ സർക്കാരിന് പ്രതികരിക്കാനുള്ള ശേഷി കുറയ്ക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ വലിയ നിക്ഷേപങ്ങളും, കൃത്യമായ സാമ്പത്തിക പരിഷ്കരണങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.