കാനഡയിലെ ബ്രാംപ്ടണിൽ ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു

By: 600110 On: Oct 8, 2025, 7:12 AM

 

കാനഡയിലെ ബ്രാംപ്ടണിൽ ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു. ഒപ്പം സേവനങ്ങൾ വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെയുള്ള നടപടികളും ഏർപ്പെടുത്തും. വർധിച്ചുവരുന്ന ചെലവുകളും നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളും കണക്കിലെടുത്താണ് സിറ്റി ഓഫ് ബ്രാംപ്ടൺ ഈ നടപടികൾ കൈക്കൊള്ളുന്നതെന്ന് മേയർ പാട്രിക് ബ്രൗൺ  അറിയിച്ചു. ബ്രാംപ്ടണിൻ്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് മേയർ കൂട്ടിച്ചേർത്തു.

പുതിയ തസ്തികകളിലേക്കുള്ള നിയമനം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മരവിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രൊവിൻഷ്യൽ ഏജൻസികളിലും ബോർഡുകളിലും കമ്മീഷനുകളിലും ഒൻ്റാരിയോ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച നിയമന വിലക്കിന് പിന്നാലെയാണ് ബ്രാംപ്ടണും ഈ തീരുമാനമെടുത്തത്. ​കൂടാതെ, കൗൺസിൽ അംഗീകരിച്ച ഫണ്ടിംഗ് നിലവാരത്തിനനുസരിച്ച് സിറ്റിയിലെ സേവനങ്ങൾ "റൈറ്റ്-സൈസ്" ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വരുമാനം കുറയുകയോ ചെലവ് വർധിക്കുകയോ ചെയ്യുന്ന മേഖലകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ബജറ്റ് ആൻഡ് ഫിനാൻസ് ഡിവിഷനുമായി ചേർന്ന് ഓരോ വകുപ്പും പ്രവർത്തിക്കും.

ഗുണമേന്മ കുറയ്ക്കാതെ പണം ലാഭിക്കാനുള്ള വഴികൾ കണ്ടെത്താൻ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളും ബഡ്ജറ്റ് ആൻഡ് ഫിനാൻസ് ഡിവിഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രൗൺ പറഞ്ഞു. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുകയെന്നതിനെക്കുറിച്ച് മേയർ വിശദാംശങ്ങൾ നൽകിയില്ല, എങ്കിലും വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന മേഖലകളിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 

സേവനങ്ങളുടെ ഗുണനിലവാരം കുറയ്ക്കാതെ ലാഭമുണ്ടാക്കാൻ ലക്ഷ്യമിടുന്ന ഈ ക്രമീകരണങ്ങൾ, താമസക്കാർക്കുള്ള സേവനങ്ങളിൽ ചെറിയ ഒരു ശതമാനം മാത്രമേ കുറയൂ എന്ന് ഉറപ്പു വരുത്താൻ  ശ്രദ്ധിക്കുമെന്ന് മേയർ ഉറപ്പു നൽകി. നിലവിലെ സാമ്പത്തിക സാഹചര്യം സിറ്റി തുടർന്നും നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.