കഴിഞ്ഞ വാരാന്ത്യത്തിൽ കാനഡയിൽ അസാധാരണമാംവിധം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെട്ടതായി റിപ്പോർട്ട്. പല നഗരങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. സാധാരണ നിലവാരത്തേക്കാൾ വളരെ കൂടുതലാണ് ഇത്. ഞായറാഴ്ച ഓട്ടവയിൽ താപനില റെക്കോഡ് നിലവാരമായ 29.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേ ദിവസം തന്നെ മോൺട്രിയലിലും ഈ റെക്കോർഡ് താപനില രേഖപ്പെടുത്തി.
വടക്കൻ പസഫിക് സമുദ്രത്തിലെ വലിയ ചൂട് തരംഗമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ചൂടുള്ള സമുദ്രം ജെറ്റ് സ്ട്രീമിനെ വടക്കോട്ട് തള്ളിവിടുകയും, തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ചൂടുള്ള വായുവിനെ കാനഡയിലുടനീളം സഞ്ചരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ മാറ്റം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കും വളരെ ചൂടുള്ള വായുവിൻ്റെ വരവിന് കാരണമായതായി യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ലുവാലവി മാരെഷെറ്റ് അഡ്മസു അഭിപ്രായപ്പെട്ടു.
ചില താപനില റെക്കോർഡുകൾ അഞ്ച് ഡിഗ്രിയിലധികം വ്യത്യാസത്തിൽ തകർക്കപ്പെട്ടുവെന്നും ഇത് വളരെ അപൂർവമായ സംഭവമാണെന്നും കാലാവസ്ഥാ നിരീക്ഷകൻ ജെഫ് കൗൾസൺ പറഞ്ഞു. ആഗോളതാപനം കാരണം ഇത്തരം കടൽ ചൂട് തരംഗങ്ങൾ കൂടുതൽ പതിവായി സംഭവിക്കുകയും തീവ്രമാവുകയും ചെയ്യുന്നുവെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ സമുദ്രത്തിലെ ചൂട് ഇതിലും തീവ്രമാകാൻ ഇടയാക്കുമെന്ന് യു.ബി.സി. വിദഗ്ദ്ധനായ വില്യം ച്യൂങ് മുന്നറിയിപ്പ് നൽകി.