പ്രവിശ്യാ വിഷയങ്ങളിൽ ഫെഡറൽ സർക്കാരിൻ്റെ അനാവശ്യ ഇടപെടലുകളെ ക്യൂബെക്കുമായി ചേർന്ന് ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഡാനിയേൽ സ്മിത്ത്

By: 600110 On: Oct 8, 2025, 5:58 AM

 

പ്രവിശ്യാ വിഷയങ്ങളിൽ ഫെഡറൽ സർക്കാരിൻ്റെ അനാവശ്യ ഇടപെടലുകൾ എതിർക്കുന്ന വിഷയത്തിൽ ക്യൂബെക്കുമായി ചേർന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഫെഡറൽ സർക്കാർ അവസാനിപ്പിക്കണമെന്നാണ് ഇരു പ്രവിശ്യകളും ആഗ്രഹിക്കുന്നതെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു.

ഭരണഘടന പ്രകാരമുള്ള പ്രവിശ്യാ അധികാരങ്ങളെ ഫെഡറൽ സർക്കാർ ബഹുമാനിക്കുന്നില്ലെന്ന് സ്മിത്ത് വിമർശിച്ചു. നിയമങ്ങൾ താൽക്കാലികമായി നിലനിർത്താൻ പ്രവിശ്യകൾക്ക് അധികാരം നൽകുന്ന 'നോട്ട് വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്' (notwithstanding clause) ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ട ഫെഡറൽ സർക്കാരിൻ്റെ നീക്കം അമിതാധികാര പ്രയോഗത്തിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. മതേതരത്വവുമായി ബന്ധപ്പെട്ട പുതിയ നിയമം സംരക്ഷിക്കാൻ ക്യൂബെക് ഈ ക്ലോസ് ഉപയോഗിക്കുന്നതിനെ താൻ പിന്തുണയ്ക്കുന്നതായി സ്മിത്ത് പറഞ്ഞു. ട്രാൻസ്‌ജെൻഡർ വിഷയങ്ങളെ ബാധിക്കുന്ന നിയമങ്ങൾക്കായി ആൽബർട്ടയിലും അത് ഉപയോഗിക്കാൻ പദ്ധതിയിടുന്നതായും സ്മിത്ത് വ്യക്തമാക്കി. സാമ്പത്തിക സഹകരണവും പ്രകൃതിവിഭവ വികസന പദ്ധതികൾക്കുള്ള പിന്തുണയും തേടി മോൺട്രിയൽ, ഓട്ടവ, ടൊറൻ്റോ എന്നിവിടങ്ങളിൽ പര്യടനം നടത്തുകയാണ് ഡാനിയേൽ സ്മിത്ത്.