അപൂർവ്വ ധാതുക്കളുടെ ഖനനത്തിനായി അലാസ്കയിലെ വനമേഖലയിലൂടെയുള്ള 211 മൈൽ റോഡിൻ്റെ നിർമ്മാണത്തിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനുമതി നല്കി. 'ആംബ്ലർ റോഡ്' എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് ട്രംപിൻ്റെ മുൻ ഭരണകാലത്ത് തന്നെ അംഗീകാരം നല്കിയിരുന്നെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജോ ബൈഡൻ്റെ ഭരണകൂടം തടയുകയായിരുന്നു. വേട്ടയാടിയും മീൻ പിടിച്ചും ജീവിക്കുന്ന അലാസ്കയിലെ തദ്ദേശീയ ഗോത്രങ്ങൾക്കും ചില വന്യജീവികൾക്കും ദോഷകരമായേക്കാം എന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ബൈഡൻ ഭരണകൂടം അനുമതി നിഷേധിച്ചത്.
എന്നാൽ ഈ പദ്ധതി അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിൻ്റെ വരുമാനം നേടിക്കൊടുക്കുമെന്നും ഊർജ്ജ-ധാതു വിതരണം വർദ്ധിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. നേരത്തെ പദ്ധതി റദ്ദാക്കിയതിലൂടെ സമയവും പണവും പാഴാക്കി എന്ന് ബൈഡനെ വിമർശിക്കുകയും ചെയ്തു. ആംബ്ലർ സൈറ്റ് വികസിപ്പിക്കുന്ന കനേഡിയൻ കമ്പനിയായ ട്രൈലോജി മെറ്റൽസിൽ യു.എസ്. സർക്കാർ പത്ത് ശതമാനം ഓഹരി എടുക്കുമെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. നിർണായക ധാതുക്കളുടെ ഉൽപ്പാദനത്തിൽ യു.എസ്. പങ്കാളിത്തത്തിൻ്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ട്രൈലോജി മെറ്റൽസിൻ്റെ സി.ഇ.ഒ. പറഞ്ഞു. ഈ കരാറിന് അന്തിമ റെഗുലേറ്ററി അംഗീകാരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്.