അമേരിക്കയില്‍ ഷട്ട്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക്; ഇനിയും നീണ്ടാല്‍ കനത്ത തൊഴില്‍ നഷ്ടമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Oct 7, 2025, 9:27 AM

 

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ ഏഴാംദിവസത്തിലേക്ക് കടന്നു. അടച്ചുപൂട്ടല്‍ പ്രതിസന്ധി ഏല്ലാ മേഖലകൡും രൂക്ഷമാവുകയാണ്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് സൂചന. ഇതിനിടെ ആരോഗ്യ സംരക്ഷണ പദ്ധതികളെക്കുറിച്ച് ഡെമോക്രാറ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് സൂചന നല്‍കിയ ഡൊണാള്‍ഡ് ട്രംപ് പിന്നീട് പിന്‍വാങ്ങി. ഷട്ട്ഡൗണ്‍ അവസാനിപ്പിച്ച് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ട്രംപ് നിലപാടെടുത്തു. 

നിലവില്‍ വൈറ്റ്ഹൗസുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. എന്നാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ട്രംപ് തയാറാണെങ്കില്‍ പങ്കെടുക്കുമെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. ഷട്ട്ഡൗണ്‍ ആരംഭിച്ചത് ഡെമോക്രാറ്റുകളാണെന്നാണ് തിങ്കളാഴ്ച വൈകിട്ട് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. 

ഷട്ട്ഡൗണ്‍ കാരണം ഫെഡറല്‍ ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടിട്ടുണ്ടെന്ന ട്രംപിന്റെ വാദത്തില്‍ നിന്ന് വൈറ്റ് ഹൗസ് പിന്‍വാങ്ങി. എന്നാല്‍ തര്‍ക്കം ഏഴാം ദിവസത്തിലേക്ക് നീണ്ടാല്‍ തൊഴില്‍ നഷ്ടങ്ങള്‍ സംഭവിക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.