പ്രകൃതിദത്ത നിറങ്ങളിലേക്ക് മാറാനൊരുങ്ങി പെപ്‌സികോ

By: 600110 On: Oct 4, 2025, 9:42 AM

പ്രകൃതിദത്ത നിറങ്ങളിലേക്ക് മാറാനൊരുങ്ങി പെപ്‌സികോ. കൃത്രിമ നിറങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ഉല്പ്പന്നങ്ങളോട് ഉപഭോക്താക്കൾ മുഖം തിരിക്കുന്നതിനാലാണ് ഇത്. ഗേറ്ററേഡ്, ചീറ്റോസ് തുടങ്ങിയ ഉൽപ്പന്നങ്ങളിൽ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കാനാണ് കമ്പനിയുടെ നീക്കം. സിന്തറ്റിക് നിറങ്ങൾക്ക് പകരം പപ്രിക, മഞ്ഞൾ, പർപ്പിൾ മധുരക്കിഴങ്ങ്, വിവിധതരം കാരറ്റുകൾ തുടങ്ങിയ സസ്യ അധിഷ്ഠിത ബദലുകൾ കമ്പനി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

ന്യൂയോർക്കിലെ വൽഹല്ലയിലും ടെക്സസിലെ പ്ലാനോയിലുമുള്ള പെപ്‌സികോയുടെ കേന്ദ്രങ്ങളിലെ ഗവേഷകരാണ് ഉൽപ്പന്നങ്ങളുടെ രൂപവും രുചിയും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓരോ പുതിയ ഡൈയും പരിശോധനകളിൽ വിജയിക്കുകയും എഫ്ഡിഎ അംഗീകാരം നേടുകയും ചെയ്യേണ്ടതുണ്ട്. അത് കൊണ്ട് തന്നെ മാറ്റങ്ങൾക്ക്  നിരവധി വർഷങ്ങൾ എടുക്കുമെന്ന് എക്സിക്യൂട്ടീവുകൾ പറയുന്നു. ഈ വർഷം പൂർണ്ണമായും പ്രകൃതിദത്തമായ കളറിംഗ് അവതരിപ്പിക്കുന്ന ആദ്യത്തെ പ്രധാന ബ്രാൻഡുകളായിരിക്കും ടോസ്റ്റിറ്റോസും ലെയ്‌സും. ഈ വർഷം അവസാനത്തോടെ ഈ ഉല്പന്നങ്ങൾ വിപണിയിലെത്തും. പല ഉപഭോക്താക്കളും ഗേറ്ററേഡ് പോലുള്ള പാനീയങ്ങളെ അവയുടെ നിറം നോക്കി തിരിച്ചറിയുന്നതിനാൽ വർണ്ണ കൃത്യത നിർണായകമാണെന്ന് പെപ്‌സികോ പറയുന്നു. സോഷ്യൽ മീഡിയയും ബോധവൽക്കരണ കാമ്പെയ്‌നുകളും കാരണം, പ്രകൃതിദത്ത ചേരുവകൾക്കുള്ള ഉപഭോക്താക്കളുടെ ആവശ്യം സമീപ വർഷങ്ങളിൽ കുത്തനെ വർദ്ധിച്ചിട്ടുണ്ട്. 2026 ഓടെ സിന്തറ്റിക് ഡൈ ഉപയോഗം അവസാനിപ്പിക്കുക എന്നതാണ് യുഎസ് ലക്ഷ്യം. ഇതിനോട് പെപ്‌സികോ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ലെങ്കിലും, ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കും കമ്പനി മുൻഗണന നൽകുമെന്നും പെപ്സികോ അറിയിച്ചു.