കാനഡയിൽ അഞ്ചാംപനി കേസുകൾ വർദ്ധിക്കുന്നതിനാൽ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ

By: 600110 On: Oct 4, 2025, 8:28 AM

കാനഡയിൽ ഉടനീളം അഞ്ചാംപനി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ആൽബെർട്ടയിൽ അഞ്ചാംപനി ബാധിച്ചുള്ള ആദ്യത്തെ മരണം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ 20 വരെ, രാജ്യവ്യാപകമായി 5,006 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒൻ്റാരിയോയിൽ 2,379 ഉം ആൽബെർട്ടയിൽ 1,901 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, ലോകത്ത് ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകളുള്ള  10 രാജ്യങ്ങളിൽ ഒന്നായിരുന്നു കാനഡ. വാക്സിനേഷനെ തുടർന്ന് ഒരു ഘട്ടത്തിൽ രാജ്യത്ത് നിന്ന് രോഗം നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരുന്നു എന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി പറഞ്ഞു. എന്നാൽ വാക്സിനേഷൻ നിരക്കിലെ കുറവാണ് രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാൻ കാരണം. അഞ്ചാം പനി പെട്ടെന്ന് പടരുന്നതും അപകടകരവുമായതിനാൽ എല്ലാവരും വാക്സിനേഷൻ തുടരാൻ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി മാർജോറി മൈക്കൽ പറഞ്ഞു. വൈറസ് ബാധിച്ച വ്യക്തികൾക്ക് ഏഴ് മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം രോഗബാധിതരുടെ വായിൽ വെളുത്ത പാടുകൾ കാണപ്പെടാം. മിക്ക ആളുകളും അഞ്ചാംപനി ബാധിച്ച് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുമെങ്കിലും, ചെവിയിലെ അണുബാധ, ന്യുമോണിയ അല്ലെങ്കിൽ വയറിളക്കം പോലുള്ള സങ്കീർണതകൾ ഉണ്ടാകാനും സാധ്യതയുണ്ട്. രോഗബാധ രൂക്ഷമാകുന്നർക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട്,  തലച്ചോറിൻ്റെ വീക്കം (എൻസെഫലൈറ്റിസ്) തുടങ്ങിയ സങ്കീർണതകൾക്കും സാധ്യതയുണ്ട്.