രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനായി സൗജന്യ ടാക്സി യാത്രകൾ വാഗ്ദാനം ചെയ്യുന്ന പുതിയ പൈലറ്റ് പ്രോഗ്രാമിന് തുടക്കമിട്ട് കാൽഗറിയും എഡ്മണ്ടണും. അടിയന്തര പരിചരണം ആവശ്യമില്ലാത്ത രോഗികളെ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. അനാവശ്യമായ ആംബുലൻസ് ഉപയോഗം കുറയ്ക്കുന്നതിനൊപ്പം രോഗികൾക്ക് സമയബന്ധിതമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
EHS-Alberta/Health Link 811 Shared Response program-ൻ്റെ ഭാഗമായി ആറ് മാസത്തേയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. സേവനത്തിനായി വിളിക്കുന്നവർക്ക് അടുത്തുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കോ അടിയന്തര പരിചരണ കേന്ദ്രത്തിലേക്കോ എത്താൻ മറ്റ് മാർഗമില്ലെങ്കിൽ 811 നഴ്‌സ് ടാക്സി സേവനം വാഗ്ദാനം ചെയ്യും. 18 വയസ്സിന് മുകളിലുള്ള, നടക്കാൻ കഴിയുന്ന, പാരാമെഡിക് അസസ്‌മെൻ്റ് ആവശ്യമില്ലാത്ത മുതിർന്നവർക്ക് മാത്രമേ ഈ ഓഫർ ബാധകമാകൂ. ആശുപത്രിയിലേക്കുള്ള ടാക്സി യാത്ര സൗജന്യമായിരിക്കും. എന്നാൽ മടക്ക യാത്രയുടെ ഉത്തരവാദിത്തം രോഗിയ്ക്ക് ആയിരിക്കും. പദ്ധതിയ്ക്ക് വെള്ളിയാഴ്ച ഔദ്യോഗിക തുടക്കമായി. ആംബുലൻസുകളുടെ സേവനം അത് ഏറ്റവും അത്യാവശ്യമുള്ളവർക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് EHS-ആൽബെർട്ടയുടെ ഇടക്കാല മാനേജിംഗ് ഡയറക്ടർ ട്രെവർ മസ്ലിക് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ഒരു ഡോക്ടറെ കാണാൻ ഉദ്ദേശിക്കുന്നവർക്ക് 811 എന്ന നമ്പറിൽ വിളിച്ച് ടാക്സി ബുക്ക് ചെയ്യാം.