കൽഗറിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത്  പോലീസ്

By: 600110 On: Oct 3, 2025, 1:43 PM

 

കൽഗറി നഗരത്തിൽ സ്ത്രീകൾക്കെതിരെ നടന്ന രണ്ട് അതിക്രമങ്ങളിൽ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത്  പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക് അറിയാമെങ്കിൽ 403-266-1234 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 11-ന് 8-ാം അവന്യൂ എസ്‌ഇ, മക്ലിയോഡ് ട്രെയിലിൻ്റെ വടക്കുഭാഗത്തായാണ് ആദ്യ സംഭവം ഉണ്ടായത്. നടന്ന് പോവുകയായിരുന്ന സ്ത്രീയെ ഒരാൾ അസഭ്യ പരാമർശങ്ങൾ ഉന്നയിച്ചശേഷം ഭീഷണിപ്പെടുത്താൻ തുടങ്ങി. സംഭവം കണ്ട ഒരാൾ ഇടപെട്ടതോടെയാണ് ഇയാൾ പിന്മാറിയത്. സംഭവം പിന്നീട് പോലീസിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 24-ന് 8-ാം അവന്യൂ – 4-ാം സ്ട്രീറ്റ് എസ്‌ഇയിലാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീയെ ഒരാൾ വംശീയ പരാമർശങ്ങൾ മുഴക്കിക്കൊണ്ട്  ആക്രമിക്കാൻ ശ്രമിച്ചു. സ്ത്രീ തിരികെ വാഹനത്തിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. അടുത്ത ദിവസം സഹപ്രവർത്തകരോടൊപ്പം നടന്നപ്പോൾ, അതേ പ്രതി അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സ്ത്രീയും കൂട്ടരും കടന്നുപോകുമ്പോൾ അവർക്ക് നേരെ പ്രതി കാർക്കിച്ച് തുപ്പുകയും ചെയ്തു.
രണ്ട് കേസുകളിലും ഒരേയാളെ തന്നെ പ്രതിയായി തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ജൂലൈ 11-ലെ സംഭവത്തിൽ ഇടപെട്ട സാക്ഷിയെയും മറ്റു ദൃക്‌സാക്ഷികളെയും പൊലീസ് തേടുന്നുണ്ട്.