റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുമ്പോള്‍ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് യുക്രെയ്‌നില്‍ യുദ്ധം നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ ആവര്‍ത്തിച്ചിരുന്നു. പലപ്പോഴും ചൈനയെയും ഈ ആരോപണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും ചൈനയും കൂടാതെ തായ്‌വാനും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പെട്രോ കെമിക്കല്‍ ഉല്‍പ്പന്നമായ നാഫ്തയുടെ ഇറക്കുമതിയിലാണ് തായ്‌വാന്‍ ഇന്ത്യയെ മറികടന്ന് റഷ്യന്‍ ഇറക്കുമതി പട്ടികയില്‍ ഒന്നാമതെത്തിയത്. അമേരിക്കയുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് തായ്‌വാന്‍. താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ മാത്രം 25 ശതമാനമാണ് അധികമായി ഇന്ത്യയ്ക്ക് എതിരെ ട്രംപ് പിഴചുമത്തിയത്. എന്നാല്‍ സൗഹൃദ രാജ്യമായ തായ്‌വാനെതിരെയും ട്രംപ് അധിക താരിഫ് ചുമത്തുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.