കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ട് ബസ്

By: 600110 On: Oct 3, 2025, 8:13 AM

കാൽഗറിയിലെ ജനങ്ങൾക്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നേരിട്ട് വോട്ട് ചെയ്യാൻ സൌകര്യമൊരുക്കി  വോട്ട് ബസ് തിരിച്ചെത്തി. 2017 ലെ വോട്ടെടുപ്പിനിടെയാണ് ഈ സംരംഭം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ സംവിധാനം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.

വോട്ടുചെയ്യാനുള്ള സൗകര്യപ്രദമായൊരു മാർഗമാണ് വോട്ട് ബസ് എന്ന് 2025 ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ റിട്ടേണിംഗ് ഓഫീസർ കേറ്റ് മാർട്ടിൻ പറഞ്ഞു. വോട്ട് ബസ് ഒക്ടോബർ 6 മുതൽ 11 വരെ നടക്കുന്ന അഡ്വാൻസ് വോട്ടെടുപ്പിനിടെ നഗരത്തിലെ 11 സ്ഥലങ്ങൾ സന്ദർശിക്കും. ഏത് വാർഡിൽ താമസിക്കുന്നു എന്നത് നോക്കാതെ തന്നെ വോട്ടർമാർക്ക് ബസിൽ വോട്ട് രേഖപ്പെടുത്താം.  പരമാവധി പേർക്ക് വോട്ട് ചെയ്യാനുള്ള സൌകര്യമൊരുക്കുകയാണ് വോട്ട് ബസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാർട്ടിൻ വിശദീകരിക്കുന്നു. വോട്ടിംഗ് സ്റ്റേഷനുകളും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത പുതിയ കമ്മ്യൂണിറ്റികൾ ഉൾപ്പെടെ, നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള വോട്ടർമാരിലേക്ക് എത്തിച്ചേരാൻ വോട്ട് ബസിലൂടെ കഴിയുന്നുണ്ടെന്ന് മാർട്ടിൻ പറഞ്ഞു. ഈ സംരംഭത്തില്‍ ഇലക്ഷന്‍സ് കാല്‍ഗറിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കാല്‍ഗറി ട്രാന്‍സിറ്റിൻ്റെ ഡയറക്ടര്‍ ഷാരണ്‍ ഫ്ലെമിംഗ് പറഞ്ഞു.  

ബസ് ഷെഡ്യൂളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വോട്ടർ ഗൈഡിലോ electionscalgary.ca/vote എന്ന വെബ്‌സൈറ്റിലോ ലഭ്യമാണ്.