വിദേശ സന്ദർശകർക്കായി ഓൺലൈൻ ഡിസെമ്പാർക്കെഷൻ കാർഡ് ആരംഭിച്ച് ഇന്ത്യൻ സർക്കാർ. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്. വിദേശ പൗരന്മാർക്ക് രാജ്യത്ത് എത്തുന്നതിനു മുൻപ് അവരുടെ ഡിംബാർക്കേഷൻ കാർഡ് പൂരിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇന്ത്യൻ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഇത് നിർബന്ധിതമാണ്. ഇന്ത്യയിൽ എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് വരെ ഇത് ഓൺലൈനായി പൂരിപ്പിക്കാം.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (BOI) വെബ്‌സൈറ്റിലും, ഇന്ത്യൻ വിസ പോർട്ടലിലും, മൊബൈൽ ആപ്പിലും ഡിജിറ്റൽ ഫോം ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള എൻട്രി പോയിൻ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. പരമ്പരാഗത ഡിംബാർക്കേഷൻ കാർഡ് ആറ് മാസം വരെ തുടർന്നും സ്വീകരിക്കും. എങ്കിലും, വേഗതയേറിയതും സൗകര്യപ്രദവുമായ അനുഭവത്തിനായി ഓൺലൈൻ രീതി ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രാ, ഇമിഗ്രേഷൻ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ നടപടികളുടെ ഭാഗമാണിത്.