പി പി ചെറിയാന്‍
ഇല്ലീഗല്‍ കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഫെഡറല്‍ ഓപ്പറേഷന്‍ ചിക്കാഗോയില്‍ ശക്തിപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ച മുന്‍പാണ് ഓപ്പറേഷന്‍ പ്രഖ്യാപിച്ചത്. ഡൗണ്‍ടൗണ്‍ സ്ട്രീറ്റുകളില്‍ ഏജന്റുമാരെ കണ്ടുതുടങ്ങി. നാഷണല്‍ ഗാര്‍ഡ് സൈനികരെയും വിന്യസിക്കാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച ഫെഡറല്‍ ഉദ്യോഗസ്ഥര്‍ നഗരത്തില്‍ പട്രോളിംഗ് നടത്തുകയും, ചൊവ്വാഴ്ച പുലര്‍ച്ചെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൗത്ത് സൈഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഏകദേശം 300 ഫെഡറല്‍ ഏജന്റുമാര്‍ പങ്കെടുത്ത ഈ ഓപ്പറേഷന്‍ 'Tren de Aragua' എന്ന ഗാംഗുമായി ബന്ധമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെഡറല്‍ സേനയുടെ ഈ നീക്കം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഫെഡറല്‍ സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി 100 നാഷണല്‍ ഗാര്‍ഡ് സൈനികരെ ഇല്ലിനോയിസില്‍ വിന്യസിക്കുമെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.