നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മ കണ്‍വന്‍ഷന്‍ സമാപിച്ചു

By: 600002 On: Oct 1, 2025, 4:55 PM



 

ജീമോന്‍ റാന്നി

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇടവകകളുടെ കൂട്ടായ്മയായ മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 2025-ലെ റീജിയണല്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹപ്രദമായി സമാപിച്ചു.

സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ യഥാക്രമം ശാലേം മാര്‍ത്തോമ്മാ പള്ളി (ഈസ്റ്റേണ്‍ ലോങ്ങ് ഐലന്‍ഡ്), എപ്പിഫനി മാര്‍ത്തോമ്മാ പള്ളി (ഓസോണ്‍ പാര്‍ക്ക്), സെന്റ്. ജെയിംസ് മാര്‍ത്തോമ്മാ പള്ളി (റോക്ക്‌ലാന്‍ഡ്) എന്നീ ഇടവകകളിലാണ് സുവിശേഷ യോഗങ്ങള്‍ നടന്നത്.

കണ്‍വെന്‍ഷന്‍ യോഗങ്ങളുടെ ഉദ്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദീകനും ഫരീദാബാദ് ധര്‍മ്മജ്യോതി വിദ്യാപീഠം പ്രിന്‍സിപ്പളുമായ റവ. ഡോ. എബ്രഹാം സ്‌കറിയ മുഖ്യ പ്രാസംഗികനായിരുന്നു.

സുവിശേഷത്തിന്റെ സാരാംശം വേര്‍തിരിക്കപ്പെട്ട മനുഷ്യരോടുള്ള ക്രിസ്തുവിന്റെ ഇടപെടലാണെന്നും, ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തു ക്രിസ്തു നില്‍ക്കുന്നു എന്നും, അതിരുകള്‍ക്കപ്പുറം വരെ വ്യാപിക്കുന്നതാണ് ക്രിസ്തുവിന്റെ സ്‌നേഹമെന്നും, പരിധിയില്ലാത്തതാണ് ക്രിസ്തുവിന്റെ കാരുണ്യമെന്നും തന്റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കണ്‍വെന്‍ഷന്റെ സമാപനദിനമായ ഞായറാഴ്ച, ഈ മേഖലയിലെ എല്ലാ ഇടവകകളും ചേര്‍ന്ന് നടത്തിയ വിശുദ്ധ കുര്‍ബാനക്ക് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. റീജിയണിലെ ഇടവകകളിലെ അംഗങ്ങളടങ്ങിയ സംയുക്തഗായകസംഘമാണ് ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കിയത്. ഗായകസംഘത്തിനു റവ. ആശിഷ് തോമസ് ജോര്‍ജ് (കൊയര്‍ ഡയറക്ടര്‍), റോയി തടത്തില്‍ (കൊയര്‍ ലീഡര്‍), ഷേര്‍ലി തോമസ് (കൊയര്‍ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

റവ. ഡോ. പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യന്‍ തോമസ് (ട്രഷറര്‍), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോയല്‍ സാമുവേല്‍ തോമസ് (ഭദ്രാസന സെക്രട്ടറി), ജോര്‍ജ് പി. ബാബു (ഭദ്രാസന ട്രഷറര്‍), റവ. ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, ചെറിയാന്‍ വര്‍ഗീസ്, ഡോ. ജോണ്‍ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേര്‍ളി തോമസ്, തങ്കം വി. ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി കണ്‍വെന്‍ഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.