ഇറ്റലിയിലെ മിലാനില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച റയാനെയര്‍ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് പാരീസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. യാത്ര തുടങ്ങി 15 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിലെ ഒരു യാത്രക്കാരന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറി ഭക്ഷിക്കുകയും മറ്റൊരാള്‍ പാസ്‌പോര്‍ട്ട് ശുചിമുറിയില്‍ കളയാന്‍ ശ്രമിച്ചതിനെയും തുടര്‍ന്നാണ് വിമാനത്തില്‍ ആശങ്ക ഉയര്‍ന്നത്.
വിമാനത്തിലെ ജീവനക്കാര്‍ ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായി പാരീസില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരന്‍ പറഞ്ഞു. ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതര്‍ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ അസാധാരണമായ പെരുമാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്.