ആൽബർട്ടയിൽ അധ്യാപകർ സമരത്തിന് ഒരുങ്ങുമ്പോൾ, ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി പ്രവിശ്യാ ഭരണകൂടം. ചെറിയ കുട്ടികളുള്ള കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
സർക്കാരിൻ്റെ ഏറ്റവും പുതിയ കരാർ ഓഫർ തങ്ങളുടെ അംഗങ്ങളിൽ ഭൂരിഭാഗവും നിരസിച്ചതായി ആൽബെർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കരാർ നിരസിക്കപ്പെട്ടാൽ, ഒക്ടോബർ ആറ് മുതൽ അധ്യാപകർ പണിമുടക്കുമെന്നും യൂണിയൻ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ്, പ്രവിശ്യാ സർക്കാർ ചൊവ്വാഴ്ച പേരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സ്കൂളുകൾ അടച്ചു പൂട്ടിയാൽ അത് ബാധിക്കുന്ന 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾളുടെ യോഗ്യരായ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം $30 നൽകും.
വിദ്യാർത്ഥികൾ വീട്ടിലായിരിക്കുമ്പോൾ അവരുടെ പരിചരണം, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് ധനസഹായം. ചെലവഴിക്കാത്ത വിദ്യാഭ്യാസ ഗ്രാൻ്റുകളിൽ നിന്നായിരിക്കും ഇതിനായുള്ള പണം കണ്ടെത്തുകയെന്ന് ധനകാര്യ മന്ത്രി നേറ്റ് ഹോണർ പറഞ്ഞു. ഒക്ടോബർ 31 മുതൽ ഇ-ട്രാൻസ്ഫർ വഴി പ്രതിമാസം പേയ്‌മെൻ്റുകൾ നൽകും. ഒക്ടോബർ 6 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ആ തീയതി മുതൽ നഷ്ടപ്പെട്ട സ്കൂൾ ദിവസങ്ങൾക്ക് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കും.