സസ്‌കാച്ചുവാനിലെ ആകാശത്ത് പ്രകാശത്തോടെ കാണുന്നത് ഷൂട്ടിംഗ് സ്റ്റാർ അല്ല, സ്പേസ് എക്സിൻ്റെ സ്റ്റാർലിങ്ക് ഉപഗ്രഹത്തിൻ്റെ അവശിഷ്ടങ്ങളായിരിക്കാമെന്ന് വിദഗ്ധർ. ഇത്തരം അവശിഷ്ടങ്ങൾ അന്തരീക്ഷത്തിലേക്ക് തിരിച്ചുകയറുന്നത് സാധാരണ കാര്യമായിക്കൊണ്ടിരിക്കുന്നുവെന്ന് റെജൈന സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സാമന്ത ലോലർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ കൂടുതലായി കാണാൻ സാധ്യതയുള്ള മേഖലയാണ് തെക്കൻ പ്രെയറി പ്രദേശം. അതിലൂടെയാണ് ഭ്രമണപഥം കൂടുതലായി കടന്നുപോകുന്നുവെന്നും അവർ പറഞ്ഞു.
ഈ സംഭവത്തെ കുറിച്ച് അറിയാമെന്നും, ഇതുവരെ അവശിഷ്ടങ്ങൾ നിലത്തേക്ക് വീണതായി സ്ഥിരീകരണമില്ലെന്നും കാനേഡിയൻ സ്പേസ് ഏജൻസി (CSA) പ്രസ്താവനയിൽ വ്യക്തമാക്കി. പൊതു സുരക്ഷയെ മുൻനിർത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഏജൻസി വക്താവ് കൂട്ടിച്ചേർത്തു. സ്പേസ് എക്സ് റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 600 കിലോമീറ്ററിൽ താഴെയുള്ള ഭ്രമണപഥത്തിലാണ് പ്രവർത്തിക്കുന്നത്. അവ പ്രവർത്തന തടസ്സം നേരിട്ടാൽ, അന്തരീക്ഷത്തിൻ്റെ സ്വാഭാവിക ആകർഷണത്താൽ ഭൂമിയിലേക്ക് തിരിച്ചുകയറും. ജ്യോതിശാസ്ത്രജ്ഞൻ ജോനാഥൻ മക്ഡോവെല്ലിൻ്റെ കണക്കുകൾ പ്രകാരം, നിലവിൽ ഭ്രമണപഥത്തിൽ 8,543 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുണ്ട്. അതിൽ 8,527 എണ്ണം പ്രവർത്തനക്ഷമമാണെന്നാണ് രേഖകൾ പറയുന്നത്.