കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനം ആകണമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: Oct 1, 2025, 5:29 AM

 

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനം ആകണമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വിർജീനിയയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ പരാമർശം.

അമേരിക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന "ഗോൾഡൻ ഡോം" മിസൈൽ പ്രതിരോധ സംവിധാനത്തിൽ കാനഡയും ഉൾപ്പെടണമെങ്കിൽ, രാജ്യം അമേരിക്കയുടെ ഭാഗമാകണമെന്ന് ട്രംപ് പറഞ്ഞു. കനേഡിയൻ നേതാക്കൾ ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ എന്നെ വിളിച്ചിരുന്നു എന്നും പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിൻ്റെ ഭാഗമായി 51-ാം സംസ്ഥാനം ആയാൽ ഗോൾഡൻ ഡോം  സൗജന്യമായി നല്കാമെന്നാണ് കാനഡയ്ക്ക് മറുപടി നൽകിയതെന്ന് ട്രംപ് പറഞ്ഞു. തൻ്റെ പ്രസ്താവന കാനഡയിൽ വലിയ സ്വാധീനം ചെലുത്തിയോ എന്ന് തനിക്ക് അറിയില്ലെങ്കിലും, രണ്ട് രാജ്യങ്ങളും ഒന്നിക്കുകയെന്നത് വളരെ യുക്തിസഹമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കാനഡ ഇപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും തൻ്റെ വ്യാപാര നയങ്ങൾ മൂലം ട്രില്ല്യണുകൾ വിലമതിക്കുന്ന നിക്ഷേപങ്ങൾ യു.എസ്.യിലേക്കാണ് മാറുന്നതെന്നും ട്രംപ് പറഞ്ഞു. യു.എസിൻ്റെ സുരക്ഷാ കുടക്കീഴിൽ വരാൻ കാനഡ ഏകദേശം 71 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യേണ്ടിവരുമെന്നും, അത് ഒഴിവാക്കാൻ സംസ്ഥാനം ആകുന്നതാണ് മാർഗമെന്നും ട്രംപ് നേരത്തേയും വ്യക്തമാക്കിയിരുന്നു.