ബിഷ്ണോയ് ഗ്യാങിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ബിഷ്ണോയ് ഗ്യാങ്ങിനെ ഫെഡറൽ സർക്കാർ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തിയതായി പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരി അറിയിച്ചു. ബിഷ്ണോയ് ഗ്യാങ് കൊലപാതകം, വെടിവയ്പ്പ് എന്നിവയിലൂടെ ഭീകരത സൃഷ്ടിക്കുന്നു എന്നും സമൂഹത്തിലെ പ്രമുഖരെയും വ്യാപാരസ്ഥാപനങ്ങളെയും, സാംസ്കാരിക പ്രവർത്തകരെയും ലക്ഷ്യമിടുന്നു എന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്യാങ്ങിൻ്റെ സ്വത്തുക്കൾ പിടിച്ചെടുക്കാനും അക്കൗണ്ടുകൾ മരവിപ്പിക്കാനും അധികൃതർക്ക് സാധിക്കും. സംഘത്തിന് ധനസഹായം നൽകുകയോ സഹായിക്കുകയോ ചെയ്യുന്നതും നിരോധിക്കപ്പെടും. ലോറൻസ് ബിഷ്ണോയ് എന്ന നേതാവിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെ ജയിലിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നിയന്ത്രിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കാനഡയിൽ സിഖ് സംഘടനയിൽ പ്രവർത്തിച്ചിരുന്നവർക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘം വാർത്തകളിൽ നിറഞ്ഞുനിന്നത്. അതേസമയം, സംഘത്തെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി രാഷ്ട്രീയമാണെന്നും അത് നിയമപരമായി ശരിയല്ലെന്നുമാണ് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.