പ്രവിശ്യാ സര്‍ക്കാരിന്റെ താല്‍ക്കാലിക കരാര്‍ നിരസിച്ചു; ആല്‍ബെര്‍ട്ടയിലെ അധ്യാപകര്‍ പണിമുടക്കിലേക്ക് 

By: 600002 On: Sep 30, 2025, 9:58 AM

 


പ്രവിശ്യാ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ താല്‍ക്കാലിക കരാര്‍ അധ്യാപക യൂണിയന്‍ അംഗങ്ങള്‍ നിരസിച്ചതോടെ മറ്റൊരു പണിമുടക്ക് ആരംഭിക്കാനൊരുങ്ങുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്ക സൃഷ്ടിക്കുകയാണ്. പണിമുടക്ക് ആരംഭിക്കുന്നതോടെ 2,500 സ്‌കൂളുകളിലായി ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. 2024 ഓഗസ്റ്റ് 31 ന് കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തിവരികയാണ്. 

പ്രവിശ്യയിലുടനീളമുള്ള 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയനായ ആല്‍ബെര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷന്‍(ATA) കരാര്‍ നിരസിക്കപ്പെട്ടാല്‍ ഒക്ടോബര്‍ ആറിന് അധ്യാപകര്‍ പിക്കറ്റ് ലൈനുകള്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ താല്‍ക്കാലിക കരാറിനെതിരെ 89.5 ശതമാനം അംഗങ്ങള്‍ വോട്ട് ചെയ്തതായി എടിഎ അറിയിച്ചു. അധ്യാപകര്‍ കരാരില്‍ അതൃപ്തരാണെന്നും പുസ്തക നിരോധനം, ട്രാന്‍സ് നിയമനിര്‍മാണം തുടങ്ങിയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച മറ്റ് ഉത്തരവുകളിലും അധ്യാപകര്‍ നിരാശരാണെന്നും എടിഎ പ്രസിഡന്റ് ജേസണ്‍ ഷില്ലിങ് പറഞ്ഞു.