വിദേശികള്‍ക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക 

By: 600002 On: Sep 29, 2025, 11:14 AM

 

ഈ വര്‍ഷം മൂന്ന് മാരകമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിദേശ പൗരന്മാര്‍ക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന പ്രക്രിയയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. അമേരിക്കന്‍ പൗരന്മാരല്ലാത്ത ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് ഈ അപകടങ്ങള്‍ ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.  

നിലവിലെ നിയമങ്ങള്‍ വേണ്ടത്ര കര്‍ശനമല്ലെന്നും നിരവധി സംസ്ഥാനങ്ങള്‍ അവ കൃത്യമായി പാലിക്കുന്നില്ലെന്നും ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. കൊളാറോഡോ, പെന്‍സില്‍വാനിയ, സൗത്ത് ഡെക്കോട്ട, ടെക്‌സസ്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ ശരിയായി പാലിക്കപ്പെടുന്നില്ലെന്ന് ഡഫി ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, H-2a, H-2b, അല്ലെങ്കില്‍ E-2 വിസയുള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമേ വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സിന് എംപ്ലോയ്‌മെന്റ് ഓഥറൈസേഷന്‍ ഡോക്യുമെന്റ് മാത്രം മതിയാകില്ലെന്ന് പുതിയ നിയമങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, നിയമങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കില്ലെന്നും നിലവില്‍ ലൈസന്‍സുള്ളവരെ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 

ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ അശ്രദ്ധമായി ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയതാണ് ഗതാഗത വകുപ്പിന്റെ നടപടിക്ക് പ്രധാന കാരണം. കാര്‍ യാത്രികരായ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറായ ഹര്‍ജിന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കാലിഫോര്‍ണിയയില്‍ നിന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതെന്നാണ് കണ്ടെത്തല്‍.