തൊഴിലാളികളുടെ പുതിയ പണിമുടക്ക് തുടരുന്നതിനിടെ, കാനഡ പോസ്റ്റിനെ പുനരുജ്ജീവിപ്പിക്കാൻ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം മുതൽ കാനഡ പോസ്റ്റിലെ തപാൽ സേവനങ്ങൾ നിലച്ചു. സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെയാണ് Canadian Union of Postal Workers ൻ്റെ പണിമുടക്ക്.
കാനഡ പോസ്റ്റ് പ്രായോഗികമായി പ്രവർത്തനക്ഷമമല്ലന്നും ദിവസേന 10 മില്യൺ ഡോളറിലേറെ നഷ്ടം നേരിടുകയാണ് എന്നും കാർണി പറഞ്ഞു. സർക്കാർ ഇതിനകം തന്നെ സ്ഥാപനത്തെ നിലനിർത്താൻ ഒരു ബില്യൺ ഡോളർ സഹായം നൽകിയിരുന്നു. എങ്കിലും, 2025-ലെ രണ്ടാം പാദത്തിൽ മാത്രം കാനഡ പോസ്റ്റ് 407 മില്യൺ ഡോളർ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. അടിയന്തരമല്ലാത്ത തപാൽ സേവനങ്ങൾ വിമാന മാർഗം മാറി കര വഴി കൈകാര്യം ചെയ്യുക, നാലു മില്യൺ വീടുകളെ കമ്മ്യൂണിറ്റി മെയിൽ ബോക്‌സുകളിലേക്ക് മാറ്റുകതുടങ്ങിയവയാണ് സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ പദ്ധതികൾ. ഇതിനെതിരെയാണ് തൊഴിലാളികളുടെ സമരം. സർക്കാർ നിർദ്ദേശങ്ങളോട് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് അനുകൂലമായല്ല പ്രതികരിച്ചത്. പോസ്റ്റൽ സർവ്വീസിനെയും തൊഴിലാളി സംഘടനകളെയും തകർക്കാനാണ് സർക്കാരിൻ്റെ നീക്കമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൻ പറഞ്ഞു.