ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മഞ്ഞുരുകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കേസില്‍ ഇന്ത്യന്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കാനഡയുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനിത ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും നടപടികള്‍ വേഗത്തിലാക്കാനും കനേഡിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഈ ആഴ്ച ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കാനഡയുടെ ദേശീയ സുരക്ഷാ, ഇന്റലിജന്‍സ് ഉപദേഷ്ടാവ് നതാലി ഡ്രൗയിന്‍ ഈയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടികളെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് അനിത ആനന്ദ് അറിയിച്ചു.