രാജ്യത്തുടനീളം മിന്നൽ പണിമുടക്കുമായി കാനഡ പോസ്റ്റ് ജീവനക്കാർ

By: 600110 On: Sep 26, 2025, 10:49 AM

രാജ്യത്തുടനീളം മിന്നൽ പണിമുടക്കുമായി കാനഡ പോസ്റ്റ് ജീവനക്കാർ. പോസ്റ്റൽ സർവ്വീസിനെയും ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് അവരുടെ യൂണിയനായ CUPW അറിയിച്ചു. അടുത്ത കുറച്ച് വർഷങ്ങളിൽ മെയിൽ ഡെലിവറിയിൽ വലിയ വെട്ടിക്കുറവുകൾ വരുത്താൻ ഫെഡറൽ സർക്കാർ അംഗീകാരം നൽകിയതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചത്.

തൊഴിലാളികൾ അസ്വസ്ഥരാണെന്നും സർക്കാരിൻ്റേത് മോശം സമീപനമാണെന്നും CUPW ആരോപിച്ചു. തപാൽ സേവനങ്ങളെയും തൊഴിലാളികളുടെ അവകാശങ്ങളെയും ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കം. കാനഡ പോസ്റ്റ് ന്യായമായ ചർച്ച നടത്താൻ വിസമ്മതിച്ചതായും CUPW ആരോപിച്ചു.  പണിമുടക്ക് നിയമപരമാണെന്നും യൂണിയൻ നേതാവ് നിക്കോൾ ചൗനാർഡ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചെറുകിട ബിസിനസുകൾ പണിമുടക്കിനെ ശക്തമായി എതിർക്കുകയാണ്. ഇത്തരം പണിമുടക്ക് അന്യായവും അനാവശ്യ നഷ്ടമുണ്ടാക്കുന്നതുമാണെന്ന് അവർ പറയുന്നു.. പല ബിസിനസുകളും പണം, ഇൻവോയ്‌സുകൾ, പാക്കേജുകൾ എന്നിവ അയയ്‌ക്കുന്നതിന് കാനഡ പോസ്റ്റിനെ ആശ്രയിക്കുന്നതിനാൽ പണിമുടക്ക് അപകടകരമാണെന്ന് സിഎഫ്‌ഐബി പ്രസിഡൻ്റ് ഡാൻ കെല്ലിയും വ്യക്തമാക്കി. 

മുൻകാലങ്ങളിൽ ആളുകൾ എഴുത്തുകളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നു. അതിനാൽ കാര്യങ്ങൾ പഴയ രീതിയിൽ തന്നെ തുടരണമെന്ന് യൂണിയന് ആവശ്യപ്പെടാൻ കഴിയില്ലെന്നും ഡാൻ കെല്ലി പറഞ്ഞു. കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സും പണിമുടക്കിനെ വിമർശിച്ചു. തടസ്സങ്ങൾക്കിടയിലും, സർക്കാർ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ വിതരണം ചെയ്യുമെന്ന് കാനഡ പോസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.