കേംബ്രിഡ്ജിലെ ഹൈവേ 401 ല്‍ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടയില്‍ പാതയിലൂടെ അതിവേഗത്തിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്(ഒപിപി) അന്വേഷണം ആരംഭിച്ചു.
ഹെസ്‌പെലര്‍ റോഡിന് സമീപം കേംബ്രിഡ്ജിലൂടെ കടന്നുപോകുമ്പോഴാണ് ടയര്‍ പഞ്ചറായത്. ഹൈവേയുടെ ആറാമത്തെ ലെയിനില്‍ വാഹനം നിര്‍ത്തി ഡ്രൈവറുടെ വശത്തുള്ള ടയര്‍ മാറ്റുകയായിരുന്നു. ഇതിനിടയിലാണ് അതിലൂടെ അതിവേഗത്തില്‍ കടന്നുപോവുകയായിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. യുവാവിനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. വാഹനത്തിനും ഡ്രൈവറിനുമായി അന്വേഷണം നടത്തുകയാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിന് കൈമാറണമെന്ന് അറിയിച്ചു.