കാല്‍ഗറിയില്‍ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Sep 25, 2025, 8:49 AM

 

 

കാല്‍ഗറിയില്‍ രാത്രികാലങ്ങളില്‍ വീടുകളില്‍ അതിക്രമിച്ചു കടന്നുള്ള മോഷണങ്ങള്‍ വര്‍ധിച്ചതായി ആര്‍സിഎംപിയുടെ മുന്നറിയിപ്പ്. കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് അവസാനം മുതല്‍ സതേണ്‍ ആല്‍ബെര്‍ട്ട ആര്‍സിഎംപിക്ക് രാത്രി 11 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ താമസക്കാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടുകള്‍ തകര്‍പ്പെട്ടതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. 

മോഷ്ടാക്കള്‍ അണ്‍ലോക്ക് ചെയ്ത സ്ലൈഡിംഗ് വാതിലുകളിലൂടെയും ജനാലകളിലൂടെയും പ്രവേശനം നേടുന്നു. പലപ്പോഴും അകത്തേക്ക് പ്രവേശിക്കാന്‍ സ്‌ക്രീനുകള്‍ മുറിക്കുകയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അകത്ത് കടന്നാല്‍ പണമടങ്ങിയ പഴ്‌സ്, ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹന താക്കോലുകള്‍ തുടങ്ങിയ എളുപ്പത്തില്‍ മോഷ്ടിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്ന വസ്തുക്കളാണ് മോഷ്ടാക്കള്‍ എടുക്കുന്നത്. നിരവധി കേസുകളില്‍ ഡ്രൈവ്‌വേകളിലോ, ഗ്യാരേജുകളിലോ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 

രാത്രിയില്‍ വീടും പരിസരവും സുരക്ഷിതമാക്കിവയ്ക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. വാതിലുകളും ജനലുകളും പൂട്ടിയിടണം. വിലപിടിപ്പുള്ള വസ്തുക്കള്‍ വീടിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ച് വയ്ക്കണം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.