ലോകമെമ്പാടുമുള്ള ആളുകള്‍ മാറിത്താമസിക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌ന സ്ഥലങ്ങളുടെ പട്ടികയില്‍ കാനഡ ഒന്നാം സ്ഥാനത്ത് 

By: 600002 On: Sep 25, 2025, 8:20 AM

 

 

ലോകമെമ്പാടുമുള്ള ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്‌ന സ്ഥലങ്ങളുടെ പട്ടികയില്‍ കാനഡ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആളുകള്‍ ഏറ്റവും കൂടുതല്‍ മാറിത്താമസിക്കാന്‍ ഇഷ്ടപ്പെടുന്ന, സ്വപ്‌നം കാണുന്ന രാജ്യങ്ങളുടെ പട്ടിക ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസ് ആയ റെമിറ്റ്‌ലിയാണ് പുറത്തുവിട്ടത്. 26 രാജ്യങ്ങളിലായി 4,800 ലധികം ആളുകളെയാണ് സര്‍വേ ചെയ്തത്. ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ പുതിയ ജീവിതം ആരംഭിക്കാനുള്ള ആളുകളുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നിലെ പ്രചോദനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

തിരക്കുകളില്ലാത്ത ജീവിതം, മെച്ചപ്പെട്ട വര്‍ക്ക്-ലൈഫ് ബാലന്‍സ്, മികച്ച തൊഴില്‍ അവസരങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചിരുന്നു. ജീവിത നിലവാരം, ജീവിതശൈലി, തൊഴിലവസരങ്ങള്‍, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി, സ്വാഗതാര്‍ഹമായ സമൂഹങ്ങള്‍ എന്നിങ്ങനെയാണ് എന്നിവയാണ് തങ്ങളുടെ സ്വപ്‌ന ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ അടിസ്ഥാനമാക്കിയതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ നഗരങ്ങള്‍, ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികള്‍ക്കുള്ള അവസരങ്ങള്‍ എന്നിവയിലൂടെ കാനഡ നിരവധി ആളുകള്‍ക്ക് സ്വപ്‌നരാജ്യമായി മാറുന്നു. ആളുകള്‍ അന്വേഷിക്കുന്ന സ്ഥിരതയും സന്തുലിതാവസ്ഥയും കാനഡ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാനഡയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം സൗഹൃദപരമായ കനേഡിയന്‍ സംസ്‌കാരമാണെന്നും ചിലര്‍ പ്രതികരിച്ചു. തങ്ങളുടെ മുന്‍ പഠനത്തില്‍ ലോകത്തിലെ ഏറ്റവും സൗഹൃദപരമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു കാനഡയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.