വാന്‍കുവറില്‍ നിന്ന് ദുബായിലേക്കുള്ള നോണ്‍-സ്‌റ്റോപ്പ് റൂട്ട് സര്‍വീസ് എയര്‍ കാനഡ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍(YVR) നിന്ന് ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള(DXB) നോണ്‍-സ്‌റ്റോപ്പ് സീസണല്‍ സര്‍വീസ് റദ്ദാക്കിയതായി എയര്‍ കാനഡ സ്ഥിരീകരിച്ചു. 2025-26 വിന്റര്‍ ഫ്‌ളൈറ്റ് ഷെഡ്യൂളില്‍ മാറ്റങ്ങള്‍ ബാധകമാണെന്ന് പ്രസ്താവനയില്‍ എയര്‍ലൈന്‍ വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പാണ് ഈ റൂട്ടിലുള്ള സര്‍വീസ് എയര്‍ കാനഡ പ്രഖ്യാപിച്ചത്. വാന്‍കുവറിനും ദുബായിക്കും ഇടയിലുള്ള എയര്‍ കാനഡയുടെ ആദ്യ വിമാനം 2023 ഒക്ടോബര്‍ 28 നാണ് സര്‍വീസ് നടത്തിയത്.
ആഴ്ചയില്‍ നാല് തവണ വാന്‍കുവര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടു. ഏകദേശം 15 മണിക്കൂറാണ് ദുബായിലേത്താനുള്ള സമയം. കൂടാതെ, എയര്‍ കാനഡയുടെ പങ്കാളിത്തത്തിലൂടെ ദുബായില്‍ നിന്നുള്ള കൂടുതല്‍ ആഗോള കണക്ഷനുകളും ലഭ്യമാകുമായിരുന്നു.
യുഎഇയിലേക്കുള്ള വെസ്റ്റേണ്‍ കാനഡയിലെ ആദ്യത്തേതും ഒരേയൊരു നോണ്‍-സ്‌റ്റോപ്പ് വിമാനവുമായിരുന്നു ഇത്. കൂടാതെ, ദക്ഷിണേഷയിലെയും മിഡില്‍ ഈസ്റ്റിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കണക്ഷന്‍ ഫ്‌ളൈറ്റായും പ്രവര്‍ത്തിച്ചു. ഇത് നിര്‍ത്തുന്നതോടെ ഈ ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടിയടിയാകും. എയ്‌റോറൂട്ട്‌സ് പ്രകാരം, ഈ വര്‍ഷത്തെ വിന്റര്‍ ഷെഡ്യൂള്‍ നവംബര്‍ 22 നും 2026 മാര്‍ച്ച് 26 നും ഇടയിലായിരുന്നു സര്‍വീസ് നടത്തേണ്ടിയിരുന്നത്.